Advertisement
Karnataka crisis
വിശ്വാസ വോട്ടെടുപ്പ് ഇന്നുതന്നെ നടക്കുമെന്ന് സ്പീക്കര്‍; വിമതര്‍ക്ക് തിരിച്ചടി നല്‍കി സുപ്രീംകോടതിയും സ്പീക്കറും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 22, 05:53 am
Monday, 22nd July 2019, 11:23 am

ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്നുതന്നെ നടക്കും. സ്പീക്കര്‍ രമേശ് കുമാര്‍ ഇക്കാര്യം കുറച്ചുമുന്‍പ് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം നാളെ രാവിലെ 11 മണിക്കു മുമ്പില്‍ ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്നു കാണിച്ച് അദ്ദേഹം വിമത എം.എല്‍.എമാര്‍ക്ക് നോട്ടീസ് അയച്ചു.

അതേസമയം വിമതര്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമതിച്ചു. നാളെ ഹര്‍ജി പരിഗണിക്കാന്‍ ശ്രമിക്കാമെന്ന് കോടതി അറിയിച്ചു. സ്വതന്ത്ര എം.എല്‍.എമാരായ നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. കര്‍ണാടകത്തില്‍ കുതിരക്കച്ചവടം നടന്നതു പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷക നല്‍കിയ ഹര്‍ജിയും കോടതി ഇന്നു പരിഗണിച്ചില്ല.

ഇന്നു വൈകീട്ട് ആറുമണിക്കു മുന്‍പുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നാണ് സ്പീക്കര്‍ അറിയിച്ചത്.

അതിനിടെ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയും പാര്‍ട്ടി എം.എല്‍.എമാരും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിയമസഭയിലെത്തി.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വിശ്വാസം നേടുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കറുടെ മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് ബി.എസ്.പി അംഗം ഒഴികെ ഔദ്യോഗികമായി 116 അംഗങ്ങളുടെ പിന്തുണയാണുള്ളത്. അതേസമയം ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷത്തിന് 107 അംഗങ്ങളുടെ പിന്തുണയുമുണ്ട്. എന്നാല്‍ കൂറുമാറ്റം തകൃതിയായി നടക്കുന്നതിനാല്‍ ഈ കണക്കുകളില്‍ കാര്യമുണ്ടാകില്ല.