|

ഐ.ഐ.ടി വിദ്യാര്‍ത്ഥികളുടെ ഹരജി; സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാക്കിയ വിധി സുപ്രീം കോടതി ജൂലൈ 10ന് പുനപരിശോധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാക്കിക്കൊണ്ട് 2013ല്‍ പുറപ്പെടുവിച്ച വിധി പുനപരിശോധിക്കാന്‍ സുപ്രീംകോടതി ഒരുങ്ങുന്നു. ജൂലൈ 10നാണ് വിഷയത്തില്‍ സുപ്രീം കോടതി വാദം കേള്‍ക്കുക.

ഐ.ഐ.ടി ദൽഹിയിലെ 20 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം സുപ്രീംകോടതി തേടി കഴിഞ്ഞു. മെയ് 17നാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന്റെ നിലപാട് തേടി നോട്ടീസ് അയച്ചത്.

സ്വവര്‍ഗ്ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന സെക്ഷന്‍ 377 ചോദ്യം ചെയ്ത് കൊണ്ട്  ഐ.ഐ.ടി പൂര്‍വ്വ വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും, അധ്യാപകരും, ഗവേഷകരുമായിട്ടുള്ള 20 പേരാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുള്ളത്. ഇവര്‍ എല്ലാവരും എല്‍.ജി.ബി.ടി വിഭാഗത്തില്‍ പെട്ടവരാണ്.

ഐ.ഐ.ടിയില്‍ എല്‍.ജി.ബി.ടി അലൂമിനി അസോസിയേഷന്റെ പേരിലാണ് ഇവര്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 19 വയസ്സുകാരനായ ഐ.ഐ.ടി വിദ്യാര്‍ത്ഥി മുതല്‍ 1982ല്‍ പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥി വരെയുണ്ട്.


ALSO READ: കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കരുത്; അവള്‍ക്ക് നീതി ലഭിക്കണമെന്നും മാമുക്കോയ


ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും, ജസ്റ്റിസ് എ.എം ഖാന്‍ വിൽക്കാറും, ഡി. ചന്ദ്രചൂഡും ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

സെക്ഷന്‍ 377 പ്രകാരം “പ്രകൃതി വിരുദ്ധമായി” പുരുഷനുമായോ സ്ത്രീയുമായോ മൃഗങ്ങളുമായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ജീവപര്യന്തം തടവ് വരെ കിട്ടാവുന്ന കുറ്റമായി പരിഗണിക്കും.


ALSO READ: അഭിമന്യു വധത്തിന് പിന്നില്‍ 15 പേര്‍; കുത്തിയത് കറുത്ത വസ്ത്രം ധരിച്ച പൊക്കം കുറഞ്ഞ ആള്‍


ഇത് ഭരണഘടന നല്‍കുന്ന സമത്വത്തിനുള്ള അവകാശം ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹരജി നല്‍കിയിരിക്കുന്നത്.