ന്യൂദല്‍ഹി: ഖാപ്പ് പഞ്ചായത്തിന്റെ ദുരഭിമാനക്കൊലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പരസ്പരം ഇഷ്ടപ്പെട്ട രണ്ടു പേരുടെ വിവാഹത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും ആരും സമൂഹത്തിന്റെ “രക്ഷകരായി” ചമയേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ദുരഭിമാനക്കൊലയെ തടയാനുള്ള ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ പരസ്പര സമ്മതത്തോടെ വിവാഹം ചെയ്യുന്നു. അതില്‍ ഇടപെടാന്‍ നിങ്ങള്‍ ആരുമല്ലെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.” ഇന്ന വിവാഹബന്ധം നിലനില്‍ക്കില്ല അല്ലെങ്കില്‍ ഇന്ന വിവാഹ ബന്ധം നല്ലത് എന്ന് നമ്മള്‍ക്ക് പറയാനാവില്ല. അത്തരം കാര്യങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുകയാണ് വേണ്ടതെന്നും” ദീപക് മിശ്ര പറഞ്ഞു.
മിശ്ര വിവാഹം കഴിക്കുന്ന പ്രായപൂര്‍ത്തിയായ സ്ത്രീയെയോ പുരുഷനെയോ ഖാപ്പ് പഞ്ചായത്തിന്റെയോ സംഘടനയുടെയോ നേതൃത്വത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് വിധേയമാക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ വിഷയത്തില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.