ന്യൂദല്‍ഹി: നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി. മാര്‍ച്ച് മാസം 26-ാം തിയ്യതി കേസില്‍ വാദം കേള്‍ക്കാമെന്നാണ് കോടതി പറഞ്ഞത്. നഫീസ ഖാന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുക.
നേരത്തേ മാര്‍ച്ച് അഞ്ചിനാണ് സുപ്രീം കോടതിയില്‍ ഈ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടത്. നിക്കാഹ് ഹലാല ക്രിമിനല്‍ കുറ്റമാക്കണമെന്നും ബഹുഭാര്യത്വം ഭരണഘടനാവിരുദ്ധമാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
അശ്വിനി ഉപാധ്യായ എന്ന അഭിഭാഷകയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തതത്. നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും മൗലികാവകാശങ്ങളുടെ ലംഘനമാക്കി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നിക്കാഹ് ഹലാലയെ ബലാത്സംഗത്തിനെതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിനു കീഴില്‍ കൊണ്ടുവരണമെന്നും ബഹുഭാര്യത്വത്തെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 494-ാം വകുപ്പിനു കീഴില്‍ കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുത്തലാഖിനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498-ാം വകുപ്പിനു കീഴില്‍ കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വിവാഹബന്ധം വേര്‍പെടുത്തപ്പെടുന്ന ദമ്പതികള്‍ തമ്മില്‍ പുനര്‍വിവാഹം നടത്തണമെങ്കില്‍, അതിലെ വനിതാ പങ്കാളി മറ്റൊരാളെ വിവാഹം ചെയ്ത് വിവാഹബന്ധം വേര്‍പെടുത്തപ്പെടണം എന്ന നിബന്ധന പൂര്‍ത്തീകരിക്കുന്നതിനാണ് നിക്കാഹ് ഹലാല വിവാഹം നടത്തുന്നത്. ഇത് ക്രിമിനല്‍ കുറ്റമാക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.