ന്യൂദൽഹി: ഹൈദരാബാദ് സർവകലാശാലയ്ക്ക് സമീപമുള്ള വനമായ കാഞ്ച ഗച്ചിബൗളിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഏപ്രിൽ 16ന് പരിഗണിക്കും.
കാഞ്ച ഗച്ചിബൗളി വനത്തിലെ വനനശീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഏപ്രിൽ 3 ന് സ്വമേധയാ കേസെടുത്ത സുപ്രീം കോടതി, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ, അവിടെ നിലവിലുള്ള മരങ്ങളുടെ സംരക്ഷണം ഒഴികെയുള്ള ഒരു തരത്തിലുള്ള പ്രവർത്തനവും സംസ്ഥാനമോ ഏതെങ്കിലും അതോറിറ്റിയോ നടത്തരുതെന്ന് ഉത്തരവിട്ടിരുന്നു.
ഈ കേസ് ജസ്റ്റിസുമാരായ ബി. ആർ. ഗവായി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചായിരിക്കും വാദം കേൾക്കുക. വനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമിക്കസ് ക്യൂറിയായി സുപ്രീം കോടതിയെ സഹായിക്കുന്ന മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വർ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് സുപ്രീം കോടതി സംഭവത്തിൽ സ്വമേധയാ കേസ് എടുത്തത്.
ചെറുതും വലുതുമായ നിരവധി മരങ്ങൾ നശിപ്പിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കി തെലങ്കാന ഹൈക്കോടതി രജിസ്ട്രാർ (ജുഡീഷ്യൽ) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് സുപ്രീം കോടതി പരിശോധിച്ചിരുന്നു.
‘തെലങ്കാന ഹൈക്കോടതി രജിസ്ട്രാറുടെ (ജുഡീഷ്യൽ) റിപ്പോർട്ടും അദ്ദേഹം അയച്ച ഫോട്ടോഗ്രാഫുകളും ഭയാനകമായ ഒരു ചിത്രം വരച്ചുകാട്ടുന്നു. ധാരാളം മരങ്ങൾ വെട്ടിമാറ്റപ്പെടുന്നു, കൂടാതെ, വലിയ യന്ത്രങ്ങൾ വിന്യസിക്കപ്പെട്ടിട്ടുണ്ട്, ഇത് ഇതിനകം ഏകദേശം 100 ഏക്കർ പ്രദേശം നശിപ്പിക്കപ്പെട്ടിട്ടുണ്ട്,’ ഏപ്രിൽ മൂന്നിലെ ഉത്തരവിൽ ബെഞ്ച് പറഞ്ഞു.
പ്രദേശത്ത് നിശ്ചിത എണ്ണം മയിലുകൾ, മാനുകൾ, പക്ഷികൾ എന്നിവയും കാണപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.
വന്യമൃഗങ്ങൾ വസിക്കുന്ന ഒരു വനം ഉണ്ടായിരുന്നു എന്നതിന്റെ പ്രഥമദൃഷ്ട്യായുള്ള സൂചന കാഞ്ച ഗച്ചിബൗളിയിലുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.
തെലങ്കാനയിലെ ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ആഘാത വിലയിരുത്തൽ സർട്ടിഫിക്കറ്റ് സംസ്ഥാനം വാങ്ങിയിട്ടുണ്ടോ എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കോടതി തെലങ്കാന ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
മരങ്ങൾ മുറിക്കുന്നതിന് വനം അധികൃതരിൽ നിന്നോ മറ്റേതെങ്കിലും പ്രാദേശിക നിയമങ്ങളിൽ നിന്നോ ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടോ എന്നും ബെഞ്ച് ചോദിച്ചു.
ഏപ്രിൽ 16 ന് മുമ്പ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഹൈദരാബാദ് സർവകലാശാലയുമായി അതിർത്തി പങ്കിടുന്ന 400 ഏക്കർ ഭൂമി വികസിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികൾക്കെതിരെ നിരവധി വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.
Content Highlight: SC to hear on Apr 16 matter related to tree felling in Hyderabad’s Kancha Gachibowli forest