| Thursday, 16th July 2015, 3:25 pm

വ്യാപം അഴിമതി: സി.ബി.ഐയുടെ ഹര്‍ജി സുപ്രീംകോടതി 20ന് പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യാപം അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തെ അനുവദിക്കണമെന്ന് കാണിച്ച് സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു വിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്ന തീയതി 20 ലേക്ക് നിശ്ചയിച്ചത്.

അതേസമയം ഹര്‍ജിയുടെ പകര്‍പ്പ് കേസില്‍ ഉള്‍പ്പെട്ട കക്ഷികള്‍ക്ക് നല്‍കുവാനും കോടതി നിര്‍ദ്ദേശിച്ചു. 185 ഓളം വരുന്ന വ്യാപം അഴിമതി കേസുകള്‍ സിബിഐയ്ക്ക് കൈമാറുന്നതിന് ഏറെ സമയമെടുക്കുമെന്നും അന്വേഷണം പൂര്‍ത്തിയായ കേസുകളില്‍ അന്വേഷണ ഏജന്‍സിയെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും  കേസില്‍ സി.ബി.ഐയ്ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് പറഞ്ഞു.

അതല്ലെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വ്യാപം കേസുകളും അതുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുള്ള ദുരൂഹ മരണങ്ങളും സി.ബി.ഐയ്ക്ക് കൈമാറാന്‍ ജൂലൈ ഒമ്പതിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേസില്‍ കോടതിയുടെ നിയന്ത്രണത്തിലുള്ള സി.ബി.ഐ അന്വേഷം വേണമന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കേസുകള്‍ സി.ബി.ഐയ്ക്ക കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട് 47 ഓളം പേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട അഞ്ചോളം ആളുകള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതോടെയാണ് കേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.

We use cookies to give you the best possible experience. Learn more