ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന്റെ ഹരജി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനത്തിന് നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്താണ് ഹരജി.
സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചതിന് നടപടിയെടുത്തില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സുഷ്മിത ദേവാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പെരുമാറ്റചട്ടലംഘനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. നിരവധി പരാതി ലഭിച്ചിട്ടും ഇരുവര്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ സൈന്യവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് ഒസ്മാനാബാദ് ജില്ലാ വരണാധികാരി തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്കും ബാലാകോട്ടില്‍ തിരിച്ചടിച്ച വ്യോമസേനയ്ക്കുമായി വോട്ടു ചെയ്യാന്‍ തയ്യാറുണ്ടോയെന്ന് കന്നിവോട്ടര്‍മാരോട് മോദി ചോദിച്ചിരുന്നു. ഇത് പ്രഥമദൃഷ്ട്യാ പെരുമാറ്റചട്ടം ലംഘിക്കുന്നതാണെന്നായിരുന്നു റിപ്പോര്‍ട്ട്.
സൈന്യത്തിന്റെ ചിത്രംപോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടംനിലനില്‍ക്കെയായിരുന്നു മോദി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.