ഗോരക്ഷയുമായി ബന്ധപ്പെട്ട് നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
Daily News
ഗോരക്ഷയുമായി ബന്ധപ്പെട്ട് നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st October 2016, 8:16 pm

പശു സംരക്ഷണവുമായി ബന്ധപ്പെട്ട് ദളിതരും മുസ്‌ലിങ്ങളുമടക്കമുള്ളവര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന അവസരത്തിലാണ് വിഷയത്തില്‍ സുപ്രീംകോടതിയുടെ അനുകൂല നിലപാട്.


ന്യൂദല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദേശവുമായി സുപ്രീംകോടതി.

പശു സംരക്ഷണവുമായി ബന്ധപ്പെട്ട് ദളിതരും മുസ്‌ലിങ്ങളുമടക്കമുള്ളവര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന അവസരത്തിലാണ് വിഷയത്തില്‍ സുപ്രീംകോടതിയുടെ അനുകൂല നിലപാട്.

കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാലയുടെ ഹര്‍ജി പരിഗണിക്കവെയാണ് വ്യാഴാഴ്ച സുപ്രീംകോടതി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. മുസ്‌ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ഗോരക്ഷാ സംഘങ്ങള്‍ നടത്തുന്ന അതിക്രമങ്ങള്‍ ഗൗരവത്തിലെടുക്കുമെന്നും പരിശോധിക്കുമെന്നും സുപ്രീകോടതി അറിയിച്ചു.

കേന്ദ്രവും ആറ് സംസ്ഥാനങ്ങളും നവംബര്‍ ഏഴിനകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗോരക്ഷകരെ നിരോധിക്കണമെന്നും ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണെന്നും പൂനാവാല ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ഗുജറാത്തിലെ ഉനയില്‍ ദളിത് യുവാക്കളെ മര്‍ദ്ദിച്ചതിന്റെ പേരില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അരങ്ങേറിയത്. ചത്ത പശുവിന്റെ തോലെടുത്ത് സംസ്‌കരിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിഷയം ചര്‍ച്ചചെയ്യപ്പെടുകയായിരുന്നു.

കൂടാതെ ഉത്തര്‍പ്രദേശിലെ ദാദ്രിയിലും ഗോ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാക്ക് എന്ന വൃദ്ധനെ ഒരുസംഘം കഴിഞ്ഞ വര്‍ഷം മര്‍ദ്ദിച്ച് കൊന്നിരുന്നു. മറ്റ് നിരവധി സംസ്ഥാനങ്ങളിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.