| Monday, 13th April 2020, 3:27 pm

'എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുക'; വിദേശത്തുള്ള ഇന്ത്യക്കാരെ തത്ക്കാലം തിരിച്ചെത്തിക്കില്ലെന്ന കേന്ദ്ര നിലപാട് ശരിവെച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിവെച്ച് സുപ്രീം കോടതി. വിദേശത്തുള്ളവരെ ഈ ഘട്ടത്തില്‍ തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

ആളുകള്‍ എവിടെയാണോ നിലവില്‍ ഉള്ളത്. അവിടെ തന്നെ തുടരണമെന്നും പ്രവാസികളെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

നാലാഴ്ചക്കകം സ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഇപ്പോള്‍ യാത്ര അനുവദിച്ചാല്‍ അത് സര്‍ക്കാര്‍ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകുമെന്നും അതുകൊണ്ട് തന്നെ അവരെ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നിര്‍വാഹമില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

ഗള്‍ഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കേസ് പരിഗണിച്ചത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെയും രോഗബാധിതരേയും നാട്ടില്‍ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്നും ഇവര്‍ക്കുള്ള മരുന്നും ഭക്ഷണവും ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു ഹരജിയില്‍.

ഇറാനില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ ഭാര്യ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ആദ്യം വാദം തുടങ്ങിയത്. ഇറാനില്‍ 6000 മത്സ്യ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. ഈ കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ അനുമതി വേണമെന്ന് തുഷാര്‍മേത്ത കോടതിയോട് ആവശ്യപ്പെട്ടു.

യു.കെയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി പരിഗണിച്ചു. യു.കെയിലുള്ള ഇന്ത്യക്കാര്‍ എല്ലാം സുരക്ഷിതരാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. സുരക്ഷിതരാണെങ്കില്‍ ഈ ഘട്ടത്തില്‍ തിരിച്ചുവരേണ്ടതില്ലെന്നും എവിടെയാണോ ഉള്ളത്, അവിടെ തുടരണമെന്നും കോടതി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more