'ഇങ്ങോട്ട് വരണ്ട; കേസ് ബോംബെ ഹൈക്കോടതി പരിഗണിച്ചാല്‍ മതി'; മുംബൈ പൊലീസിനെതിരായ ഹരജിയില്‍ അര്‍ണബിനോട് സുപ്രീം കോടതി
national news
'ഇങ്ങോട്ട് വരണ്ട; കേസ് ബോംബെ ഹൈക്കോടതി പരിഗണിച്ചാല്‍ മതി'; മുംബൈ പൊലീസിനെതിരായ ഹരജിയില്‍ അര്‍ണബിനോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th October 2020, 2:00 pm

ന്യൂദല്‍ഹി: ടി.ആര്‍.പി റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക് ടി. വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാനാവശ്യപ്പെട്ട് സുപ്രീം കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക് ടിവി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ചാനലിനോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഗോസ്വാമിയോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്. ബോംബെ ഹൈക്കോടതിയില്‍ ഉറപ്പായും വിശ്വാസം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബോംബെ ഹൈക്കോടതി നില്‍ക്കുന്ന ഫ്‌ളോറ ഫൗണ്ടേഷന് സമീപത്തെ വോര്‍ളിയിലാണ് റിപ്പബ്ലിക് ടിവിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി നിരസിച്ചതിനെ തുടര്‍ന്ന് ഹരജി പിന്‍വലിക്കുമെന്ന് ഗോസ്വാമിയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ടി.ആര്‍.പി അഴിമതി കേസില്‍ അര്‍ണബ്  ഗോസ്വാമിക്കെതിരായി മുംബൈ പൊലീസും സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

അര്‍ണബ്  സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ എതിര്‍ത്ത മുംബൈ പൊലീസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന റിപ്പബ്ലിക്ക് ടി.വിയുടെ ആവശ്യം തെറ്റിധരിപ്പിക്കുന്നതാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് ആര്‍ക്കും ക്രിമിനല്‍ അന്വേഷണത്തില്‍ നിന്ന് പിന്മാറാന്‍ സാധിക്കില്ലെന്നും മുംബൈ പൊലീസ് സുപ്രീം കോടതിയില്‍ പറഞ്ഞു. കുറ്റാരോപിതനായ ഒരാള്‍ക്ക് അന്വേഷണത്തിന്റെ പ്രകൃതം തീരുമാനിക്കാനോ ആജ്ഞാപിക്കാനോ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.

മറ്റ് ചാനലുകളെല്ലാം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ റിപ്പബ്ലിക് ടി വിമാത്രമാണ് സഹകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണം നടന്ന് വരികയാണെന്നും കേസ് ഇപ്പോള്‍ സി.ബി.ഐക്ക് നല്‍കരുതെന്നും മുംബൈ പൊലീസ് പറഞ്ഞു.

റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.

ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടിവി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ മനസിലായിരുന്നു.

റിപ്പബ്ലിക് ടിവി ഉടമസ്ഥന്‍ അര്‍ണബ് ഗോസ്വാമി, ടൈംസ് നൗവിലെ രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നിവര്‍ക്കെതിരെ ബോളിവുഡ് അഭിനേതാക്കളും രംഗത്തെത്തിയിരുന്നു.

ബോളിവുഡ് സംവിധായകര്‍ക്കും താരങ്ങള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പരാതി.

സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ നടത്തുന്ന മാധ്യമ വിചാരണകള്‍ ഇത്തരം ചാനലുകളില്‍ നിരന്തരം സംപ്രേക്ഷണം ചെയ്യുന്നുവെന്നും ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SC tells Arnab Goswami to approach Bombay high court in plea against Mumbai police