| Tuesday, 4th February 2020, 3:39 pm

പൗരത്വഭേദഗതി നിയമം; കേരളത്തിന്റെ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ സമന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ ഹരജിയില്‍ കേന്ദ്രത്തിന് സമന്‍സ് അയച്ച് സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഹരജിയുടെ പകര്‍പ്പ് കൈപറ്റി. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.

നേരത്തെ തന്നെ കേന്ദ്രം സുപ്രീംകോടതിയോട് ആറാഴ്ച്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും നാലാഴ്ച്ചത്തെ സമയം മാത്രമേ നല്‍കാന്‍ കഴിയുകയുള്ളുവെന്ന് കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. അഞ്ചാഴ്ച്ചക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമായിരിക്കും അറ്റോര്‍ണി ജനറല്‍ വിഷയത്തില്‍ ഒരു തീരുമാനമെടുക്കുക.

പൗരത്വനിയമം വിവേചനപരവും മൗലികാവകാശലംഘനവുമാണെന്ന് കാണിച്ചായിരുന്നു കേരളം ഹരജി നല്‍കിയത്. ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യസംസ്ഥാനമായിരുന്നു കേരളം. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭാ പാസാക്കിയിരുന്നു.

അതേസമയം ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ന് ലോക്സഭയില്‍ രേഖാമൂലം വ്യക്തമാക്കിയിരുന്നു.

ഇതാദ്യമായാണ് സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more