പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കാതെ എസ്.സി വിദ്യാര്‍ഥികള്‍; പ്രവേശനം നേടിയത് 95 ശതമാനവും ജനറല്‍ വിഭാഗം
Kerala News
പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കാതെ എസ്.സി വിദ്യാര്‍ഥികള്‍; പ്രവേശനം നേടിയത് 95 ശതമാനവും ജനറല്‍ വിഭാഗം
ജംഷീന മുല്ലപ്പാട്ട്
Tuesday, 23rd July 2019, 7:42 pm

തിരുവനന്തപുരം കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പെണ്‍കുട്ടികള്‍ക്കുള്ള പി.ജി ഹോസ്റ്റല്‍ പ്രവേശനത്തില്‍ ഗുരുതര ക്രമക്കേടുകള്‍. 2019-20 അധ്യയന വര്‍ഷത്തെ ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള ആദ്യ ആലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ പ്രവേശനം നേടിയിരിക്കുന്നത് 95 ശതമാനവും ജനറല്‍ കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ഥികളാണ്.

172 വിദ്യാര്‍ഥികളാണ് ഓപ്പണ്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതില്‍ ആദ്യ ആലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ 45 വിദ്യാര്‍ഥികള്‍ക്കാണ് അഡ്മിഷന്‍ നല്‍കിയത്. ആ 45 വിദ്യാര്‍ഥികളില്‍ അഞ്ചു പേര് മാത്രമാണ് എസ്.സി വിഭാഗത്തില്‍ പെട്ടത്. അതായത് 4.05 ശതമാനം മാത്രം പ്രവേശനമാണ്
എസ്.സി വിഭാഗക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. 15 വിദ്യാര്‍ഥികള്‍ ജനറല്‍ കാറ്റഗറിയാണ്. 25 വിദ്യാര്‍ഥികള്‍ ജനറല്‍ ബി.പി.എല്‍ കാറ്റഗറി. അതായത് മുന്നോക്കക്കാരില്‍ പിന്നോക്കക്കാര്‍. ഓപ്പണ്‍ റാങ്ക് ലിസ്റ്റിലുള്ള 172 പേരില്‍ ആകെ 18 പേരാണ് എസ്.സി വിദ്യാര്‍ഥികളായിട്ടുള്ളത്.

ഇനി അടുത്ത ആലോട്ട്‌മെന്റുകള്‍ വരുമ്പോള്‍ എസ്.സി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാം എന്നാണ് സര്‍വകലാശാല പറയുന്നതെങ്കില്‍ ഇപ്പോള്‍ നടത്തിയ പ്രവേശനം പോലും ചട്ടവിരുദ്ധമാണ്. ആദ്യ ആലോട്ട്‌മെന്റില്‍ തന്നെ എത്ര എസ്.സി വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുണ്ടോ അത്രയും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതിനു ശേഷം മാത്രമേ മറ്റു വിഭാഗക്കാര്‍ക്ക് പ്രവേശനം നല്‍കാന്‍ പാടുള്ളൂ.

 

2010ലെ ഇടതുപക്ഷ മന്ത്രിസഭയുടെ കാലത്താണ് എസ്.സി വികസന ഫണ്ട് ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റലിന്റെ തറക്കല്ലിടുന്നത്. പട്ടികജാതി പട്ടികവര്‍ഗ വികസന മന്ത്രി എ.കെ ബാലനാണ് തറക്കല്ലിടുന്നത്. പിന്നീട് 2012ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി അന്നത്തെ വൈസ് ചാന്‍സലറായിരുന്ന ഡോ. എ ജയകൃഷ്ണന്‍ ഉദ്ഘാടനവും ചെയ്തു.

എസ്.സി ഫണ്ട് ഉപയോഗിച്ച് പൊതു ഹോസ്റ്റല്‍ പണിയാന്‍ പാടില്ല എന്നിരിക്കെയാണ് വകുപ്പിന്റെ ഈ അന്യയ നടപടിയുണ്ടായിരിക്കുന്നത്. ഇനി ഏതെങ്കിലും തരത്തില്‍ ഹോസ്റ്റല്‍ പണിയുകയാണെങ്കില്‍ അതില്‍ 70 ശതമാനം എസ്.സി വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ കൊടുക്കണം. അല്ലെങ്കില്‍ ചുരുങ്ങിയത് 50 ശതമാനം വിദ്യാര്‍ഥികള്‍ക്കെങ്കിലും അഡ്മിഷന്‍ കൊടുക്കണം.

പട്ടികജാതി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ വികസന ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് എസ്.സി ഫണ്ടുകള്‍ വിനിയോഗിക്കുന്നത്. ചട്ടപ്രകാരം പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, പ്രീ മെട്രിക് ഹോസ്റ്റല്‍ എന്നിവയാണ് എസ്.സി വികസന ഫണ്ട് ഉപയോഗിച്ച് പണിയാന്‍ പാടുള്ളൂ. എന്നാല്‍ ജനറല്‍ ഹോസ്റ്റലാണ് കാര്യവട്ടം ക്യാംപസിലേതെന്ന് അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഇത് ബന്ധപ്പെട്ട വകുപ്പും മന്ത്രിയും വരുത്തിയിരിക്കുന്ന ഗുരുതര പിഴവായിട്ടുതന്നെയാണ് കണക്കാക്കേണ്ടത്.

എസ്.സി-എസ്.ടി വിദ്യാര്‍ഥികള്‍ കൂടുതലുള്ള ക്യാമ്പസുകള്‍ ആണെങ്കില്‍ അവരുടെ താമസ സൗകര്യത്തിനു വേണ്ടി എസ്.സി-എസ്.ടി ഫണ്ടുകള്‍ ഉപയോഗിച്ച് വേണമെങ്കില്‍ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ അല്ലാതെ മറ്റു ഹോസ്റ്റലുകള്‍ സര്‍ക്കാരിന് പണിയാം. അങ്ങനെയാണെങ്കില്‍ പട്ടികജാതി-വകുപ്പ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ അഡ്മിഷന്‍ നല്‍കേണ്ടത്. ഒന്നാം ആലോട്ട്‌മെന്റില്‍ തന്നെ അധികൃതര്‍ ഇത് പാലിക്കേണ്ടതുമാണ്. എന്നാല്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്നും ഇത്തരം നടപടിയുണ്ടായിട്ടില്ല.

പോസ്റ്റ് മെട്രിക്-പ്രീ മെട്രിക് ഹോസ്റ്റല്‍ കൂടാതെ സര്‍ക്കാര്‍ കോളേജ്, ഹോസ്റ്റലുകള്‍, അംഗീകൃത എയ്ഡഡ് കോളേജ് ഹോസ്റ്റലുകള്‍, സ്വശ്രയ കോളേജുകളിലെ അംഗീകൃത ഹോസ്റ്റലുകള്‍ എന്നിവയില്‍ അഡ്മിഷന്‍ നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നല്‍കുകയാണ് എസ്.സി ഫണ്ട് ഉപയോഗിച്ച് ചെയ്യുക. അല്ലാതെ ജനറല്‍ ഹോസ്റ്റല്‍ സ്ഥാപിക്കലല്ല. ഇത് പട്ടികജാതി വിദ്യാര്‍ഥികളോട് കാണിക്കുന്ന അനീതിയാണ്.

കേരളത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ മേഖല വികസിക്കാത്തതിനു കാരണം ഇടതുസര്‍ക്കാരിന് ഭരണതുടര്‍ച്ച ലഭിക്കാത്തതു കൊണ്ട് മാത്രമാണെന്നാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ വാദം. ഈ ഹോസ്റ്റല്‍ വിഷയം തന്നെ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനവും നയവും.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം