ന്യൂദല്‍ഹി: സ്ത്രീകളെ പുരുഷന്റെ അടിമയായി ചിത്രീകരിക്കുന്ന 497ാം വകുപ്പ് ഏറ്റവും സ്ത്രീവിരുദ്ധമായ വകുപ്പാണെന്ന് ഒരേ സ്വരത്തില്‍ സുപ്രീം കോടതി. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരും ഇതേ നിലപാടാണ് സ്വീകരിച്ചത്.
കോടതി വിധിയോടെ ഇന്ത്യന്‍ പീനല്‍ കോഡിലെ 158 വര്‍ഷം പഴക്കമുള്ള സെക്ഷന്‍ 497 എടുത്തുമാറ്റപ്പെട്ടിരിക്കുകയാണ്.
” വ്യക്തിപരമായ അന്തസ്സിനെയും സ്ത്രീകളുടെ തുല്യതയേയും ബാധിക്കുന്ന നിയമത്തിലെ ഏത് വ്യവസ്ഥിതിയും ഭരണഘടനാ വിരുദ്ധമാണ്. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ലെന്ന് പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു ലിംഗത്തിനുമേല്‍ മറ്റൊരു ലിംഗത്തിന്റെ നിയമപരമായ പരമാധികാരം തെറ്റാണ്.” എന്നാണ് ജസ്റ്റിസ് ഖന്‍വില്‍ക്കറിന്റെയും തന്റെയും വിധിന്യായം വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ് പറഞ്ഞത്. സെക്ഷന്‍ 497 ഏകപക്ഷീയമാണെന്നും വിധിയില്‍ പറയുന്നു.
മറ്റൊരു പുരുഷന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വിവാഹിതനെ ശിക്ഷിക്കുന്ന നിയമമാണ് സെക്ഷന്‍ 497. രണ്ടാമത്തെ യുവതിയുടെ ഭര്‍ത്താവിന്റെ അനുമതിയോടെയാണ് ഈ ബന്ധം നടന്നതെങ്കില്‍ അതിനെ ശിക്ഷയില്‍ നിന്നും ഒഴിവാക്കുന്നതായിരുന്നു നിയമം. ഈ നിയമപ്രകാരം സ്ത്രീയെ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പ്രസ്തുത നിയമമാണ് കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
അഭിമാനത്തോടെ ജീവിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ലംഘിക്കുന്ന സെക്ഷന്‍ 497 ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.
വിവാഹേതര ബന്ധം വിവാഹമോചനത്തിന് കാരണമായി പറയാമെന്നും കോടതി വ്യക്തമാക്കി. വിവാഹേതര ബന്ധം പങ്കാളിയുടെ ആത്മഹത്യയിലേക്ക് നയിക്കുകയാണെങ്കില്‍ ബന്ധത്തിലേര്‍പ്പെട്ട പങ്കാളിയ്‌ക്കെതിരെ സെക്ഷന്‍ 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സെക്ഷന്‍ 497 റദ്ദാക്കിയ സാഹചര്യത്തില്‍ ക്രിമിനല്‍ കോഡ് ഓഫ് പ്രൊസീജിയറിലെ സെക്ഷന്‍ 198(2) കോടതി റദ്ദാക്കിയിട്ടുണ്ട്.
യുക്തിരഹിതമായ, പൗരാണികമായ ചട്ടമാണിതെന്നാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ പറഞ്ഞത്. ” വിവാഹേതര ബന്ധത്തില്‍ പുരുഷന്‍ അക്രമിയും സ്ത്രീ ഇരയും എന്ന ധാരണ പഴഞ്ചനാണ്. അത് ഇനിയും തുടരുന്നത് നല്ലതല്ല.” എന്നും അദ്ദേഹം നിരീക്ഷിച്ചു. ഇത് സ്ത്രീയെ ജംഗമസ്വത്തായി കണക്കാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെക്ഷന്‍ 497 സ്ത്രീകളുടെ അന്തസ്സിന് എതിരാണെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢും അഭിപ്രായപ്പെട്ടത്. ” സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള, വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്ത്രീയുടെ അവകാശത്തെ 497 നിഷേധിക്കുന്നു. പുരുഷാധിപത്യത്തെ പോറ്റിവളര്‍ത്തുന്ന ഒരു നിയമമാണിത്. സമൂഹം ചിന്തിക്കുന്നതുപോലെ സ്ത്രീകള്‍ ചിന്തിക്കണമെന്ന് പറയരുത്.”
“ലൈംഗിക പരമാധികാരത്തോടുള്ള ആദരവിന് ഊന്നല്‍ കൊടുക്കണം. ഈ പരമാധികാരം ഇല്ലാതാക്കുന്ന അവസ്ഥയെ വളര്‍ത്തലല്ല വിവാഹം.” എന്നുപറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.
വിവേചനത്തെ ഊട്ടിയുറപ്പിക്കുകയാണ് ഈ സെക്ഷനെന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയില്‍ പറയുന്നത്.