| Wednesday, 1st April 2015, 12:58 pm

കല്‍ക്കരിക്കേസ്: മന്‍മോഹന്‍ സിംഗ് കോടതിയില്‍ ഹാജരാകേണ്ടെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  കല്‍ക്കകരി കേസില്‍ കോടതിക്ക് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് കൊണ്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് സി.ബി.ഐ കോടതി അയച്ച സമന്‍സ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നോട്ടീസ് ലഭിച്ച കുമാരമംഗലം ബിര്‍ല, പി.സി. പരാഖ് എന്നിവരുള്‍പ്പടെയുള്ളവരുടെ സമന്‍സും സ്‌റ്റേ ചെയ്തിട്ടുണ്ട്. മൂന്നാഴ്ചത്തേക്കാണ് സ്‌റ്റേ.

ഏപ്രില്‍8 ന് കോടതിയില്‍ ഹാജരാകാനായിരുന്നു മന്‍മോഹന്‍ സിംഗിനും മറ്റ് അഞ്ച് പേര്‍ക്കും നോട്ടീസ് ലഭിച്ചിരുന്നത്. എന്നാല്‍ കോടതിക്ക് മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന വിധിക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍, കെ.ടി.എസ് തുള്‍സി എന്നിവരടങ്ങുന്ന അഭിഭാഷകരാണ് കേസില്‍ മന്‍മോഹന്‍ സിംഗിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നത്.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ 2005ല്‍ താലിബറ ബ്ലോക്കില്‍ ഹിന്‍ഡാല്‍ക്കോക്ക് നിയമ വിരുദ്ധമായി ഖനനത്തിനുള്ള അഴിമതി നല്‍കിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് 2015 ജനുവരി 20ന് സി.ബി.ഐ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നു.  ക്രിമിനല്‍ ഗൂഢാലോചന കുറ്റമാണ് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയിരുന്നത്.

കേസില്‍ മന്‍മോഹന്‍ സിംഗിന് പിന്തുണയുമായി സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി രാഷ്ട്രീയപരവും, നിയമപരവുമായ പിന്തുണയര്‍പ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more