ഇത്തരം ആചാരങ്ങള്‍ തുടരാമെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
ക്ഷേത്രോത്സവത്തിന് ബ്രാഹ്മണര്‍ ആഹാരം കഴിച്ച വാഴയിലയില്‍ ആളുകള്‍ കിടന്നുരുളുന്നതാണ് ആചാരം. ഈ ആചാരം ധാര്‍മികതയ്ക്ക് നിരക്കാത്തതും പൊതുജനാരോഗ്യത്തെ ബാധിക്കുന്നതുമാണെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ടി.ആര്‍ അന്ത്യരുജിന കോടതിയെ അറിയിച്ചു. ഈ ആചാരം അനുഷ്ഠിച്ചാല്‍ എല്ലാ രോഗങ്ങളും ഇല്ലാതാകുമെന്നാണ് ആളുകളുടെ വിശ്വാസം. സുബ്രഹ്മണ്യ ക്ഷേത്രമുള്‍പ്പെടെ കര്‍ണാടകയിലെ മൂന്നു ക്ഷേത്രങ്ങളില്‍ ഈ ആചാരം തുടരുന്നുണ്ടെന്നും അതിനാല്‍ ഇത് നിര്‍ത്തലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
500 വര്‍ഷം മുമ്പുള്ള ആചാരമാണിതെന്നും അതിനാല്‍ ഇത് പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നും എതിര്‍കക്ഷി കോടതിയെ അറിയിച്ചു. എന്നാല്‍ 500 വര്‍ഷം മുമ്പു നിലനിന്നിരുന്ന അയിത്താചാരം നിര്‍ത്തലാക്കപ്പെട്ടിട്ടില്ലേയെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് സുപ്രീം കോടതി ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു.