ന്യൂദല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള രഥയാത്ര സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യത്തിലുള്ള താല്‍പര്യവും പൗരന്‍മാരുടെ സുരക്ഷയും മുന്‍നിര്‍ത്തി ഇത്തവണത്തെ രഥയാത്രക്ക് അനുമതി നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
രഥയാത്രക്ക് അനുമതി നല്‍കിയാല്‍ ജഗന്നാഥന്‍ തങ്ങളോട് ക്ഷമിക്കില്ലെന്ന് പറഞ്ഞാണ് കോടതി യാത്ര സ്‌റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, എ.എസ് ബൊപ്പണ്ണ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
കൊവിഡ് കാലത്ത് വലിയ കൂടിച്ചേരലുകള്‍ നടക്കരുതെന്നും അതിനാല്‍ ഇത്തവണത്തെ രഥയാത്രക്ക് അനുമതി നല്‍കുകയാണെങ്കില്‍ ജഗന്നാഥന്‍ തങ്ങളോട് പൊറുക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രഥയാത്രയോ തീര്‍ഥാടകരുടെ ഘോഷയാത്രയോ ബന്ധപ്പെട്ട നടപടിക്രമങ്ങളും അനുവദിക്കരുതെന്ന് ഒഡീഷ സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
രഥയാത്ര റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഒഡീഷയിലെ ഒരു എന്‍.ജി.ഒ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. 10 മുതല്‍ 12 വരെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന രഥയാത്രയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കാറുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ