തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുമുള്ള അധ്യാപകർ ഒരു ശതമാനത്തിലും താഴെയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവരാവകാശ നിയമപ്രകാരമുള്ള മറുപടി.
കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ആകെയുള്ളത് 90,307 അധ്യാപകരാണ്. ഇതിൽ എസ്.സി വിഭാഗത്തിൽ നിന്ന് 808 പേരും എസ്.ടി വിഭാഗത്തിൽ 76 പേരുമാണുള്ളത്. ഇത് യഥാക്രമം 0.89 ശതമാനവും 0.084 ശതമാനവുമാണ്.
സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന് നിരന്തരം ആവശ്യമുയരുന്നുണ്ട്. പട്ടികജാതി, പട്ടികവിഭാഗത്തിന് സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് ചട്ടം പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എന്നാൽ എയ്ഡഡ് മേഖലയിൽ ഈ സംവിധാനം ഇല്ലാത്തതിനാൽ സംവരണം ആട്ടിമറിക്കപ്പെടുകയാണെന്ന് പട്ടികജാതി, പട്ടികവർഗ സംഘടനകൾ ആരോപിക്കുന്നു.
എന്നാൽ എയ്ഡഡ് മേഖലയിൽ സർക്കാർ ഗ്രാന്റ് കൊടുക്കുമ്പോൾ 50 ശതമാനം നിയമനങ്ങൾ മാത്രമാണ് സമുദായത്തിന് അവകാശപ്പെട്ടതെന്നും ബാക്കി 50 ശതമാനം ഓപ്പൺ മെറിറ്റിൽ കോൾ ഫോർ ചെയ്ത് അഭിമുഖം നടത്തി ഉദ്യോഗാർത്ഥികളെ നിയമിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത് എന്നും ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ ദളിത് അവകാശപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് പറഞ്ഞിരുന്നു.
വിദ്യാഭ്യാസ മേഖലയെ പൂർണമായി ജനാധിപത്യവത്കരിക്കാൻ എയ്ഡഡ് നിയമനം പി.എസ്.എസിക്ക് വിടുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാനത്ത് സർക്കാർ – എയ്ഡഡ് മേഖലകളിലായി ആകെയുള്ള 13,576 സ്കൂളുകളിൽ 8,060 സ്കൂളുകൾ എയ്ഡഡണ്. സർക്കാർ സ്കൂളുകളിൽ അര ലക്ഷം അധ്യാപകരാണ് ഉള്ളതെന്നിരിക്കെ ഇതിന്റെ ഇരട്ടി അധ്യാപകരാണ് എയ്ഡഡ് മേഖലയിലുള്ളത്.
CONTENT HIGHLIGHT: SC, ST teachers in Aided schools below 1% says Information Act report