| Friday, 22nd November 2019, 9:23 am

കേന്ദ്ര സര്‍ക്കാരില്‍ 82 സെക്രട്ടറിമാരില്‍ എസ്.സി-എസ്.ടി വിഭാഗത്തില്‍നിന്നും നാലു പേര്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 82 സെക്രട്ടറിമാരില്‍ പട്ടികജാതി-പട്ടിക വകുപ്പ് വിഭാഗത്തില്‍പ്പെട്ട നാലു ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. സി.പി.ഐ എം.പി കെ.സോമപ്രസാദിന്റെ ചോദ്യത്തിന് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ മറുപടി പറയുകയായാരുന്നു മന്ത്രി.

ഭിന്നശേഷി ക്ഷേമ വകുപ്പിലും ഭൂവിഭവ വകുപ്പിലും ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിലും തൊഴില്‍ മന്ത്രാലയത്തിലുമാണ് എസ്.സി-എസ്.ടി വിഭാഗത്തില്‍ നിന്നുള്ള നാലുപേരുള്ളത്.

സര്‍ക്കാര്‍ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥരില്‍ മാത്രമല്ല എസ്.സി-എസ്.ടി വിഭാഗക്കാരുടെ കുറഞ്ഞ പ്രാധിനിത്യമുള്ളത്. രാജ്യത്തെ 20 ഐ.ഐ.എമ്മുകളിലായി എസ്.സി-എസ്.ടി വിഭാഗത്തില്‍പ്പെട്ട 11 പേര്‍ മാത്രമാണ് അധ്യാപകരായി ഉള്ളതെന്നും മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക് പറഞ്ഞു. കോണ്‍ഗ്രസ് എം.പി പ്രതാപ് സിങ് ബജ്വയുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്‍ക്കത്തിയിലും അഹമ്മദാബാദിലുമുള്ള രണ്ട് മുന്‍നിര ഐ.ഐ.എമ്മുകളില്‍ എസ്.സി-എസ്.ടി അധ്യാപകരെ നിയമിക്കുകയേ ചെയ്യാത്ത സ്ഥിതിയുണ്ട്.

ബെംഗളൂരുവും ലഖ്‌നൗവും ഉള്‍പ്പടെയുള്ള അഞ്ച് ഐ.ഐ.എമ്മുകളില്‍ ഒരോ എസ്.സി-എസ്.ടി അധ്യാപകന്‍ വീതമാണ് ഉള്ളത്. കോഴിക്കോട് ഐ.ഐ.എമ്മിലും ഷില്ലോങ് ഐ.ഐ.എമ്മിലും ജമ്മുവിലും രണ്ട് അധ്യാപകര്‍ വീതമുണ്ട്.

ഈ വിഷയത്തില്‍ മാനവ വിഭവശേഷി വകുപ്പില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത റിക്രൂട്ട്‌മെന്റുകളില്‍ സംവരണം അനുസരിച്ചായിരിക്കണം നിയമനമെന്ന് കാണിച്ച് ബുധനാഴ്ച രാജ്യത്തെ എല്ലാ ഐ.ഐ.എമ്മുകളിലെ ഡയറക്ടര്‍മാര്‍ക്കും കത്ത് അയച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്ക് റിസര്‍വേഷന്‍ നല്‍കുന്ന ആക്ട് പ്രകാരം നിയമനം നല്‍കണം എന്നു ചൂണ്ടിക്കാണിച്ചാണ് കത്ത് അയച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതില്‍ എസ്.സി വിഭാഗക്കാര്‍ക്ക് 15 ശതമാനം, 7.5 ശതമാനം എസ്.ടി വിഭാഗക്കാര്‍ക്ക്, 27 ശതമാനം ഒ.ബി.സി വിഭാഗക്കാര്‍ക്ക്, 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്നിങ്ങനെയാണ് റിസര്‍വേഷന്‍ നിലനില്‍ക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more