| Friday, 19th May 2017, 10:09 am

എയ്ഡഡ് സ്‌കൂളുകളിലെ ഒരു ലക്ഷത്തോളം അധ്യാപകരില്‍ എസ്.സി-എസ്.ടി വിഭാഗത്തില്‍നിന്നും വെറും 453പേര്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരായി പട്ടികജാതി- പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട വളരെക്കുറച്ചുപേര്‍ മാത്രമേയുള്ളൂവെന്ന് കണക്കുകള്‍. സംസ്ഥാനത്തെ 7140 എയ്ഡഡ് സ്‌കൂളുകളില്‍ 97,524 അധ്യാപകര്‍ ജോലിചെയ്യുന്നതില്‍ 453 പേര്‍ മാത്രമാണ് എസ്.സി-എസ്.ടി വിഭാഗത്തില്‍ നിന്നുള്ളത്.

453പേരില്‍ 378 പേര്‍ പട്ടികജാതിക്കാരും 75പേര്‍ പട്ടികവര്‍ഗക്കാരുമാണ്. ഇത്രയും സ്‌കൂളുകളിലായി അനധ്യാപക തസ്തികയില്‍ ആകെ 161 പട്ടികജാതിക്കാര്‍ മാത്രമേയുള്ളു. 43 പട്ടികവര്‍ഗക്കാരും. ഹൈസ്‌കൂള്‍ വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെ കണക്കാണിത്.


Must Read:ഇത് സംവരണവിരുദ്ധര്‍ അഥവാ സാമ്പത്തിക സംവരണവാദികള്‍ വായിക്കാനുള്ളതാണ് 


യുവജനക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി കഴിഞ്ഞ ആറു മാസമായി നടത്തിയ പരിശ്രമത്തിലാണ് പട്ടികവിഭാഗങ്ങള്‍ക്ക് എയ്ഡഡ് സ്ഥാപനങ്ങളില്‍ മതിയായ പ്രാതിനിധ്യം കിട്ടാത്തതിന്റെ കൃത്യമായ കണക്കുകള്‍ ശേഖരിച്ചത്. സംവരണ വ്യവസ്ഥകള്‍ ഇവിടെ പാലിക്കപ്പെടുന്നില്ല എന്നാണ് ഈ കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.

കണക്കു പരിശോധിച്ച യുവജനക്ഷേമ സമിതി എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്ന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. പട്ടികവിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തി അര്‍ഹമായ പ്രതിനിധ്യം ഉറപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനായി സ്ഥിരസംവിധാനം കൊണ്ടുവരണം. ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എന്നീ തസ്തികകളിലേക്ക് പ്രമോഷന്‍ നല്‍കുമ്പോഴും സംവരണം ഉറപ്പാക്കണമെന്നും ടി.വി. രാജേഷ് അധ്യക്ഷനായ സമിതി നിര്‍ദേശിച്ചു.

We use cookies to give you the best possible experience. Learn more