ന്യൂദല്‍ഹി: എസ്.സി- എസ്.ടി നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. നേരത്തെ നിയമം സുപ്രീം കോടതി ലഘുകരിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് അനുമതി ആവശ്യമാണെന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്. നേരത്തെ ദളിത് പാര്‍ട്ടികള്‍ ഈ ആവശ്യം മുന്‍ നിര്‍ത്തി ഈ മാസം ഒമ്പതിന് ഭാരത് ബന്ദ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ദളിത് സമൂഹത്തെ വെറുപ്പിക്കരുതെന്ന അഭിപ്രായം ബി.ജെ.പിയില്‍ ശക്തമായിരുന്നു.
വിഷയത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ എന്‍.ഡി.എ സഖ്യത്തില്‍നിന്നു പിരിയാന്‍ മടിച്ചേക്കില്ലെന്ന് സംഖ്യകക്ഷിയായ എല്‍.ജെ.പി നേതാവ് റാംവിലാസ് പസ്വാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിയമം ലഘുകരിക്കുന്ന തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ച് ജസ്റ്റിസ് എ.കെ ഗോയലിനെ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷനാക്കിയതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി സഖ്യത്തിലെ ദളിത് എം.പിമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അഞ്ചു വര്‍ഷത്തേക്കാണ് ഗോയലിനെ ഗ്രീന്‍ ട്രിബ്യൂണലില്‍ മോദി സര്‍ക്കാര്‍ നിയമിച്ചത്.
ഗോയലിന്റെ നിയമനത്തിനെതിരെ എന്‍.ഡി.എയിലെ ദളിത് എം.പിമാര്‍ക്ക് വിയോജിപ്പുണ്ടെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും പറഞ്ഞിരുന്നു. ഗോയലിനെ നിയമിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്ന് പാസ്വാന്‍ പറഞ്ഞു. ഗോയലിനെ നിയമിച്ചതിനെതിരെ പ്രതിഷേധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും രാജ്‌നാഥ് സിങ്ങിനും മോദിയ്ക്കും കത്ത് നല്‍കുകയും ചെയ്തിരുന്നു.