അമ്പലവയല്‍: പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരനെതിരെ കേസെടുത്ത് എസ്.സി- എസ്.ടി കമ്മീഷന്‍. അമ്പലവയല്‍ ഗ്രേഡ് എ.എസ്.ഐ ടി.ജി. ബാബുവിനെതിരെയാണ് കേസെടുത്തത്. എസ്.സി- എസ്.ടി അതിക്രമ നിരോധന നിയമപ്രകാരമാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.
ഇയാള്‍ക്കെതിരെ നേരത്തെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വയനാട് ജില്ലാ പൊലീസ് മേധാവിയടക്കം പ്രതികരിച്ചത്. പ്രതി ടി.ജി. ബാബു നിലവില്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
സംഭവത്തില്‍ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയുമായി ഊട്ടിയില്‍ തെളിവെടുപ്പിന് പോയ സമയത്തായിരുന്നു പൊലീസുകാരന്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പുറത്തറിഞ്ഞതും നടപടിയുണ്ടാകുന്നതും.
പ്രതിയായ ഗ്രേഡ് എ.എസ്.ഐക്കൊപ്പം തെളിവെടുപ്പിന് കൂടെയുണ്ടായിരുന്ന എസ്.ഐ സോബിന്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ പ്രജീഷ, എന്നീ മറ്റ് രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
അതേസമയം പ്രതിയായ ഗ്രേഡ് എ.എസ്.ഐ ടി.ജി. ബാബുവിന്റെ വീട്ടിലടക്കം കഴിഞ്ഞ ദിവസം പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ ഐ.പി.സി 164 വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും പൊലീസിന്റെ കൃത്യനിര്‍വഹണമാണ് ഗ്രേഡ് എ.എസ്.ഐ ടി.ജി. ബാബു ഇതുവരെ അറസ്റ്റിലാകാതിരിക്കാന്‍ കാരണമെന്നും വിമര്‍ശനമുയരുന്നുണ്ട്.
Content Highlight: SC ST commission took case against Grade ASI for attempt to assault POCSO victim