മന്ത്രിക്കെതിരെ ജാതി വിവേചനം; എസ്.സി-എസ്.ടി കമ്മീഷൻ കേസെടുത്തു
Kerala News
മന്ത്രിക്കെതിരെ ജാതി വിവേചനം; എസ്.സി-എസ്.ടി കമ്മീഷൻ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th September 2023, 3:32 pm

കണ്ണൂർ: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരെ ജാതി വിവേചനം നടത്തിയ ക്ഷേത്ര പൂജാരിമാർക്കെതിരെ എസ്.സി-എസ്.ടി കമ്മീഷൻ കേസെടുത്തു. കഴിഞ്ഞ ദിവസം കോട്ടയത്ത്‌ ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് താൻ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് മന്ത്രി തുറന്നുപറഞ്ഞത്.

ജനുവരിയിൽ കണ്ണൂർ പയ്യന്നൂരിലെ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രത്തിൽ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് പോയപ്പോൾ പൂജാരിമാർ കത്തിച്ച വിളക്ക് തനിക്ക് തരാതെ നിലത്തുവച്ചെന്നും താൻ അതെടുക്കാതെ ആ വേദിയിൽ വച്ചുതന്നെ ആ പ്രവൃത്തിക്കെതിരെ പ്രതികരിച്ചുവെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
‘ഞാൻ തരുന്ന പൈസക്ക് നിങ്ങൾക്ക് അയിത്തമില്ല. എനിക്ക് അയിത്തം കൽപിക്കുന്നു. ഏത് പാവപ്പെട്ടവനും നൽകുന്ന പൈസക്ക് അവിടെ അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ട് തന്നെ ഞാൻ മറുപടി നൽകി,’ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.

‘മനസ്സിൽ തട്ടിയത് കൊണ്ടാണ് അത് ശരിയല്ല എന്ന് പറഞ്ഞത്. അവർ തിരുത്താൻ ശ്രമിച്ചാൽ നല്ലത്. മനുഷ്യന് അയിത്തം കൽപ്പിക്കുന്നത് അനുവദിക്കില്ല. മനസിന്‌ മാറ്റം വരണം. ഇത് ആരുടെയും തെറ്റല്ല. തലമുറകളാൽ പകർന്നു കിട്ടിയ ഒന്ന് ഇവരെ വേട്ടയാടുകയാണ്,’ മന്ത്രി പറഞ്ഞു. നിയമ നടപടിക്ക് പോകുന്നില്ലെന്നും ഇത് ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജാതി വിവേചനമെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം, മന്ത്രി വന്ന ദിവസം ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നുമാണ് ക്ഷേത്രത്തിലെ തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞത്‌. മേൽശാന്തിയുടെ പരിചയക്കുറവും ഒരു കാരണമാകാമെന്നും തന്ത്രിയെന്ന നിലയിൽ ബന്ധപ്പെട്ടവർ തന്നെ സമീപിച്ചാൽ മാത്രമേ വിഷയത്തിൽ ഇടപെടൂ എന്നും അദ്ദേഹം പറഞ്ഞു.

Content Highlight: SC-ST Commission filed a case of caste discrimination against temple priests