| Thursday, 29th October 2020, 11:18 am

'സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതെന്തിന്?'; പൊലീസിനോട് അതിരുകടക്കരുതെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്നത് എന്തിനാണെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട യുവതിക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്ത നടപടിയിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.

29 കാരിയായ രോഷ്ണി ബിശ്വാസിനെയാണ് കൊല്‍ക്കത്ത പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇതിനെതിരെ യുവതി നല്‍കിയ ഹരജിയിലാണ് കോടതി പൊലീസിനെ വിമര്‍ശിച്ചത്.

ഇത്തരം നടപടികള്‍ ഭീഷണിയാണെന്നും പൊലീസ് പരിധി ലംഘിക്കുകയാണെന്നും ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

അടുത്തകാലത്തായി പൊലീസ് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ക്കെതിരെ കേസെടുക്കുന്നതാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും കോടതി പറഞ്ഞു.

‘ദല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് അവരെ വിളിച്ച് വരുത്തിയത് തീര്‍ത്തും ഉപദ്രവമാണ്. നാളെ കൊല്‍ക്കത്തയിലെയും മുംബൈയിലെയും മണിപൂരിലെയും ചെന്നൈയിലേയും പൊലീസുകാര്‍ ഇതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരെ വിളിച്ച് വരുത്തും, എന്നിട്ട് പറയും- നിങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണം, അതിന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു പാഠം പഠിപ്പിച്ചു തരാമെന്ന്,’ ബെഞ്ച് പറഞ്ഞു.

ഒരാള്‍ അയാളുടെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിനെ ഭീഷണിപ്പെടുത്തുന്ന നടപടിയാണിത്. കൊവിഡിനെ നന്നായി കൈകാര്യം ചെയ്യുന്നില്ല എന്ന് ഒരാള്‍ പറഞ്ഞതിന് അയാളെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇവിടെ സുപ്രീം കോടതിയുണ്ടെന്നും അതിരുകടക്കരുതെന്നും സുപ്രീം കോടതി പൊലീസിനോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകളാല്‍ സാധാരണ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടാതിരിക്കാന്‍ വേണ്ടിയാണ് സുപ്രീം കോടതിയെ ഉണ്ടാക്കിയിട്ടുള്ളതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SC slams West Bengal Police for summoning Delhi resident over Facebook post Kolkkata government

Latest Stories

We use cookies to give you the best possible experience. Learn more