| Thursday, 7th November 2019, 12:12 am

'കശ്മീരില്‍ പൊതു ഗതാഗതം നിര്‍ത്തലാക്കിയോ?'; കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം എത്ര പൊതുഗതാഗത വാഹനങ്ങള്‍ കശ്മീരില്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിനോടും ജമ്മു കശ്മീര്‍ ഭരണകൂടത്തോടുമാണ് കോടതി ചോദ്യമുന്നയിച്ചത്.

കശ്മീരില്‍ പൊതുഗതാഗത വാഹനങ്ങള്‍ ഓടിക്കാന്‍ അനുവാദമില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള മൗലികാവകാശം റദ്ദാക്കുന്ന നടപടിയാണിതെന്നാണ് ഗുലാം നബി ആസാദ് ആരോപിച്ചത്.

വാഹനം ഓടാത്തത് കാരണം കര്‍ഷര്‍ക്ക് ആപ്പിള്‍ വില്‍ക്കാന്‍ കൊണ്ടുപോകാനും രോഗികള്‍ക്ക് ചികിത്സയ്ക്കായി ആശുപത്രികളില്‍ പോകാനും സാധിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കശ്മീരില്‍ പൊതു ഗതാഗതം നിര്‍ത്തലാക്കിയോ? ബസ്സും ട്രക്കുകളും സര്‍ക്കാര്‍ അനുവദിക്കുന്നില്ലേ?, ജസ്റ്റിസ് എന്‍.വി രമണയുടെ മൂന്നംഗ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു. കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം എത്ര വാഹനങ്ങള്‍ പൊതുഗതാഗതത്തിനു വേണ്ടി ഉപയോഗിച്ചു എന്ന് വ്യാഴാഴ്ച രാവിലെ കോടതിയെ അറിയിക്കണമെന്നും മൂന്നംഗ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഗുലാം നബി ആസാദിനു വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ്. ‘ഞങ്ങള്‍ എല്ലാവരും തീവ്രവാദത്തെ ഇല്ലാതാക്കുന്നതിനോട് യോജിക്കുന്നവരാണ്. പക്ഷേ, അത് ചെയ്യേണ്ടത് 70 ലക്ഷം പൗരന്മാരെ തളര്‍ത്തിക്കിടത്തിയും അവരുടെ മൗലികാവകാശത്തെ റദ്ദുചെയ്തുമല്ല.’ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു,

‘കീമോ തെറാപ്പി ചെയ്യുന്ന രോഗിക്ക് പോലും ആശുപത്രികളില്‍ പോകാന്‍ സാധിക്കുന്നില്ല. ആശുപത്രികള്‍ തുറന്നിട്ടുണ്ട്. പക്ഷേ, രോഗികള്‍ എങ്ങനെ അവിടെയെത്തും. സെക്ഷന്‍ 144 ഉള്ളതിനാല്‍ ആളുകള്‍ക്ക് മരണാന്തര കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല.’- കപില്‍ സിബല്‍ പറഞ്ഞു.

1990 മുതല്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യയില്‍ തുടരുകയാണെന്നും തീവ്രവാദത്തിന്റെ പേരുപറഞ്ഞ് 70 ലക്ഷം ജനങ്ങളുടെ മൗലികാവകാശത്തെ റദ്ദാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.

നേരത്തെ സുപ്രീം കോടതിയുടെ അനുമതി പ്രകാരം ഗുലാം നബി ആസാദ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. കശ്മീര്‍ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദ് നല്‍കിയ ഹരജിയിലായിരുന്നു ആറു ദിവസത്തെ സന്ദര്‍ശനത്തിനായി സുപ്രീംകോടതി അനുമതി നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീനഗര്‍, അനന്ത്‌നാഗ്, ബാരാമുള്ള, ജമ്മു ജില്ലകള്‍ സന്ദര്‍ഷിക്കാനായിരുന്നു ഗുലാം നബി ആസാദിനു സുപ്രീംകോടതി അനുമതി നല്‍കിയിരുന്നത്. ഈ ജില്ലകള്‍ സന്ദര്‍ശിക്കുമ്പോള്‍ രാഷ്ട്രീയ റാലിയിലോ രാഷ്ട്രീയ പ്രവര്‍ത്തനത്തിലോ പങ്കെടുക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.

ഗസ്റ്റ് ഹൗസിന്റെ ഗേറ്റിന് പുറത്തുള്ള സി.സി.ടി.വിയിലൂടെ നിരീക്ഷണം നടത്തുന്നതിനാല്‍ തന്നെ കാണാനിരുന്ന 80% പേരും സന്ദര്‍ശനം വേണ്ടെന്ന് വെച്ചെന്നു ഗുലാം നബി പറഞ്ഞിരുന്നു. തന്നെ സന്ദര്‍ശിച്ചതിന്റെ പേരില്‍ പിന്നീട് ഉദ്യോഗസ്ഥര്‍ തങ്ങളെ വേട്ടയാടുമോ എന്ന ഭയം കാരണം മിക്കവരും സന്ദര്‍ശനം ഒഴിവാക്കിയെന്നും ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more