| Monday, 28th January 2019, 5:30 pm

അസമില്‍ പൗരത്വ പ്രശ്‌നം നേരിടുന്നവരില്‍ നാട് കടത്തിയവരും തടവുകാരും എത്രയെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ പൗരത്വ പ്രശ്‌നം നേരിടുന്നവരുടേയും അഭയാര്‍ത്ഥികളെ പാര്‍പ്പിച്ച തടവ് കേന്ദ്രങ്ങളേയും നാട് കടത്തിയവരേയും കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. അസം സര്‍ക്കാരിനാണ് കോടതിയുടെ നിര്‍ദേശം.

സംസ്ഥാനത്തെ ഫോറിന്‍ ട്രിബ്യൂണലുകളുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം ചോദിച്ചു.


ഫോറിന്‍ ട്രിബ്യൂണലുകളില്‍ എത്ര കേസ് കെട്ടികിടക്കുന്നുണ്ട്, ട്രിബ്യൂണല്‍ വിധിയെ തുടര്‍ന്ന് എത്ര പേരെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാട് കടത്തി, എത്ര പേര്‍ ഇപ്പോള്‍ തടവ് കേന്ദ്രങ്ങളിലുണ്ട് തുടങ്ങിയ വിവരങ്ങളാണ് അസം സര്‍ക്കാര്‍ കോടതിക്ക് കൈമാറേണ്ടത്.

അസമില്‍ 20000 ത്തോളം അഭയാര്‍ത്ഥികളെ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് കണ്ടെത്തി തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇവരോട് മാനുഷിക പരിഗണന കാണിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജിയിലാണ് സുപ്രീം കോടതി അസം സര്‍ക്കാരിന് റിപ്പോര്‍ട്ട് തേടിയിട്ടുളള്ളത്.

സംശയത്തിന്റെ പേരിലല്ല ഇവരെ തടവിലാക്കിയിരിക്കുന്നത് എന്നും ഇവര്‍ പൗരന്‍മാരല്ലെന്ന് ഫോറിന്‍ ട്രിബ്യൂണല്‍ കണ്ടെത്തിയത് കൊണ്ടാണെന്നും അസം സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്ററല്‍ ജനറല്‍ തുഷാര്‍ മഹ്ത്ത വാദിച്ചു.


എന്നാല്‍ ഇവരില്‍ പലരേയും നാട് കടത്തുന്നതിന് മതിയായ വ്യവസ്ഥകള്‍ ഇല്ലാത്തതു കൊണ്ട് സ്ഥിരമായി തടവുപുള്ളികളാക്കാനാകില്ലെന്ന് ഹരജിക്കാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ പ്രഷാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് അസം സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. കേസ് അടുത്ത മാസം 19ന് വീണ്ടും പരിഗണിക്കും.

We use cookies to give you the best possible experience. Learn more