| Friday, 16th August 2024, 3:42 pm

ദീർഘകാലമായി റോഹിങ്ക്യൻ അഭയാർത്ഥികൾ തടങ്കലിൽ; കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ തടങ്കലിൽ പാർപ്പിച്ചതിനെതിരെ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി. ഇന്ത്യയിൽ അനിശ്ചിതകാലമായി തടങ്കലിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജിക്ക് മറുപടിയായാണ് സുപ്രീം കോടതിയുടെ പ്രതികരണം.

ജസ്റ്റിസുമാരായ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജെ. ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയിൽ മറുപടി നൽകാൻ കേന്ദ്രത്തോടും മറ്റ് ബന്ധപ്പെട്ട കക്ഷികളോടും നിർദ്ദേശിച്ചത്.

ദക്ഷിണേഷ്യയിലെ സമാധാനത്തെക്കുറിച്ചും സംഘട്ടനങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്ന റീത്ത മഞ്ചന്ദയാണ് ഹരജി സമർപ്പിച്ചത്. 1946ലെ ഫോറിനേഴ്‌സ് ആക്‌ട്, 1920ലെ പാസ്‌പോർട്ട് ആക്‌ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) എന്നിവ പ്രകാരം രണ്ട് വർഷത്തിലേറെയായി തടവിൽ കഴിയുന്ന റോഹിങ്ക്യൻ തടവുകാരെ മോചിപ്പിക്കണമെന്ന് മഞ്ചന്ദ ഹരജിയിലൂടെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

‘തടങ്കലിൽ കഴിയുന്ന ജീവിതങ്ങൾ: ഇന്ത്യയിലെ റോഹിങ്ക്യൻ അഭയാർത്ഥികളുടെ അന്തസ്സും മാനുഷികപരിഗണനയും’ എന്ന തലക്കെട്ടിൽ മഞ്ചന്ദയും സുഹൃത്ത് മനഹിൽ കിദ്വായും ചേർന്ന് ഒരു റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു.

ഇന്ത്യയിലുടനീളമുള്ള വിവിധ ജയിലുകളിലും ജുവനൈൽ ഹോമുകളിലും വെൽഫെയർ സെൻ്ററുകളിലും കഴിയുന്ന റോഹിങ്ക്യകളുടെ അവസ്ഥകളെക്കുറിച്ച് ഈ റിപ്പോർട്ടിൽ പറയുന്നു. ഈ തടവുകാർക്ക് ഒരിക്കലും നോട്ടീസ് നൽകുകയോ അഭയാർത്ഥികളായി അവരുടെ കേസുകൾ അവതരിപ്പിക്കാൻ അവസരം നൽകുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

തടങ്കൽ കേന്ദ്രങ്ങളിലെ അഭയാർഥികളുടെ മോശം ജീവിത സാഹചര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് വിവരിക്കുന്നുണ്ട്. പല തടവുകാർക്കും ശുദ്ധമായ കുടിവെള്ളം, പോഷകാഹാരം, മതിയായ വൈദ്യസഹായം എന്നിവ ലഭ്യമല്ല. ലൈംഗികാതിക്രമങ്ങൾ, മനുഷ്യക്കടത്ത് എന്നിവയിൽ നിന്ന് രക്ഷപ്പെട്ട റോഹിങ്ക്യൻ യുവതികൾ മാനസികാരോഗ്യ പിന്തുണയും  വൈദ്യചികിത്സയും ഇല്ലാതെ തടങ്കലിൽ കഴിയുന്നതായും റിപ്പോർട്ടിൽ പറയുന്നു.

തടങ്കൽ കേന്ദ്രങ്ങളിൽ പ്രായപൂർത്തിയാകാത്ത ഒരാളുടേതുൾപ്പെടെ രണ്ട് മരണങ്ങൾ നടന്നിട്ടുണ്ടെന്നും അത് അഭയാർഥികളുടെ ദുരിതജീവിതത്തെ വ്യക്തമാക്കുന്നെന്നും മഞ്ചന്ദ പറഞ്ഞു. കൂടാതെ റോഹിങ്ക്യൻ കുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത പരിശീലനവും നിഷേധിക്കപ്പെടുന്നുവെന്നും, ഇതവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്. റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നാലെയാണ് ഹരജി നൽകിയത്.

1920ലെ പാസ്‌പോർട്ട് ആക്‌ട്, 1946ലെ ഫോറിനേഴ്‌സ് ആക്ട് എന്നിവ പ്രകാരം തടവിലാക്കപ്പെട്ട എല്ലാ റോഹിങ്ക്യകളുടെയും പേരുകൾ, ലിംഗഭേദം, പ്രായം എന്നിവ ഉൾപ്പെടെ വിശദമായ വിവരങ്ങൾ വെളിപ്പെടുത്താൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

കൂടാതെ 1980 ലെ പാസ്‌പോർട്ട് ചട്ടങ്ങൾ അനുസരിച്ച് പൗരത്വമില്ലാത്ത തടവുകാർക്ക് തിരിച്ചറിയൽ രേഖകൾ നൽകാനും മൂന്ന് മാസത്തിനുള്ളിൽ അഭയാർത്ഥി പദവി നൽകണമോ വേണ്ടയോ എന്ന് വിലയിരുത്താനും കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. 2019 ലെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ അനുസരിച്ച് റോഹിങ്ക്യകൾക്ക് ദീർഘകാല വിസ അനുവദിക്കുകയോ അല്ലെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിൽ പുനരധിവാസം ഉറപ്പുവരുത്തുകയോ ചെയ്യണമെന്നും ഹരജിയിൽ പറയുന്നു.

Content Highlight: SC seeks centre’s reply on plea over Rohingya refugees’ detention

Latest Stories

We use cookies to give you the best possible experience. Learn more