| Wednesday, 26th September 2018, 3:41 pm

നാഗരാജ് കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി: സ്ഥാനക്കയറ്റ സംവരണത്തില്‍ നിര്‍ണായക തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്.സി-എസ്.ടി വിഭാഗക്കാരുടെ സ്ഥാനക്കയറ്റത്തിലെ സംവരണവുമായി ബന്ധപ്പെട്ട എം. നാഗരാജ് കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കാനായി പിന്നാക്കാവസ്ഥ തെളിയിക്കുന്ന കണക്കുകള്‍ സംസ്ഥാനങ്ങള്‍ ശേഖരിക്കേണ്ടതില്ലെന്നു നിരീക്ഷിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലുള്‍പ്പെടുന്നവരുടെ ആകെയുള്ള ജനസംഖ്യ കണക്കിലെടുത്തതിനു ശേഷമേ ക്വാട്ടയനുവദിക്കാവൂ എന്ന കേന്ദ്രസര്‍ക്കാരിന്റെ ഹരജിയും സുപ്രീം കോടതി തള്ളിയിട്ടുണ്ട്. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

എം. നാഗരാജ് കേസിലെ വിധിന്യായം ഏഴംഗ ബഞ്ചിനെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലെ വിധി നേരത്തേ അഞ്ചംഗ ബഞ്ച് നീട്ടിവച്ചിരുന്നു.

Also Read: ആധാര്‍ പദ്ധതി തന്നെ ഭരണഘടനാ വിരുദ്ധമാണ്; ഭരണഘടനയെ വഞ്ചിക്കലാണ്; ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധി

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരല്ല എന്നതായിരുന്നു നാഗരാജ് കേസിലെ കോടതി വിധി. അത്തരത്തില്‍ സംവരണം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍, പിന്നാക്കാവസ്ഥയും വിഭാഗത്തിന്റെ പ്രാതിനിധ്യക്കുറവും തെളിയിക്കുന്ന കണക്കുകള്‍ ഹാജരാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പല തവണ ഈ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടിരുന്നു. എസ്.സി-എസ്.ടി വിഭാഗങ്ങളില്‍പ്പെടുന്നവരുടെ പിന്നാക്കാവസ്ഥ പ്രത്യേകം തെളിയിക്കേണ്ടതില്ലെന്നും, ജാതീയമായ അവസ്ഥ പരിഗണിക്കുമ്പോള്‍ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സംവരണമേര്‍പ്പെടുത്തേണ്ടതുണ്ടെന്നുമായിരുന്നു സര്‍ക്കാരുകളുടെ പ്രധാന വാദം.

ഭരണഘടന എഴുതപ്പെട്ട കാലത്തു നിന്നും സാഹചര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ടെന്നും, പൊതുവിടങ്ങളിലെ ജാതീയത ഒരു വലിയ പരിധി വരെ മാറിയിട്ടുണ്ടെന്നും പുനഃപരിശോധനയെ എതിര്‍ത്ത മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചിരുന്നു. രാജ്യത്ത് ദളിത് വിഭാഗത്തില്‍പ്പെട്ട പ്രസിഡന്റും ചീഫ് ജസ്റ്റിസും ഉണ്ടായിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

We use cookies to give you the best possible experience. Learn more