| Friday, 6th July 2018, 11:43 am

കേസുകള്‍ വിഭജിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനു മാത്രം: ശാന്തി ഭൂഷണിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വീതം വെച്ചുനല്‍കാനുള്ള അധികാരം (മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍) ചീഫ് ജസ്റ്റിസിനു മാത്രമെന്ന് സുപ്രീം കോടതി. കേസുകള്‍ വിഭജിക്കേണ്ടത് കൊളീജിയം ആണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് തന്നെയാണ് പരമാധികാരിയെന്ന് കോടതി വിധിച്ചിരിക്കുന്നത്.

കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധികാരത്തില്‍ വ്യക്തത ആവശ്യപ്പെട്ട് അഭിഭാഷകനായ ശാന്തി ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.


Also Read:മോദിയുടെ ജയ്പൂര്‍ റാലിയ്ക്ക് ആളെയെത്തിക്കാന്‍ യാത്രയ്ക്കായി മാത്രം രാജസ്ഥാന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്നത് 7.23 കോടി


ജസ്റ്റിസ് സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനും കേസുകള്‍ വിഭജിക്കാനും ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം ഉപയോഗിച്ചായിരിക്കണമെന്നാണ് കോടതി നിരീക്ഷണം. ചീഫ് ജസ്റ്റിസ് തുല്യന്മാര്‍ക്കിടയിലെ ഒന്നാമനാണെന്ന് കോടതി വിധിച്ചു. ഭരണപരമായ തലത്തില്‍ അദ്ദേഹമാണ് ഏക അധികാരിയെന്നും മറ്റ് നാല് മുതിര്‍ന്ന ജഡ്ജിമാരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് ഭരണഘടന വിശദമായി പ്രതിപാദിച്ചിട്ടില്ലെങ്കിലും കോടതിയുടെ അച്ചടക്കം ഉറപ്പുവരുത്തുന്നതിനാണിതെന്നുമാണ് കോടതി നിരീക്ഷിച്ചത്.

പൊതു വിശ്വാസ്യത ക്ഷയിക്കുന്നത് നിതീന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.


Also Read:”നീതിക്കായി അമ്മ കരയുന്നു” എന്ന പരിപാടിക്ക് ക്ഷണിച്ച നിങ്ങള്‍ക്ക് മാതൃത്വത്തോടോ നീതിയോടോ യാതൊരു പ്രതിബദ്ധതയുമില്ല; അഭിമന്യു വധത്തില്‍ ക്യാംപസ് ഫ്രണ്ടിനെതിരെ വിമര്‍ശനവുമായി രാധിക വെമുല


മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായത്.

കേസുകള്‍ വിതരണം ചെയ്യുന്നതിലും ബെഞ്ചുകള്‍ രൂപീകരിക്കുന്നതിലും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കുന്നില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്നത് വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ ലക്‌നൗ സ്വദേശിയായ അഡ്വ. അശോക് പാണ്ഡെ ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. അശോക് പാണ്ഡെ നല്‍കിയ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.

ഇതിനു പിന്നാലെയാണ് ശാന്തി ഭൂഷണ്‍ കോടതിയെ സമീപിച്ചത്.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more