| Monday, 23rd November 2020, 3:26 pm

ദല്‍ഹി കലാപം: കുറ്റാരോപിതന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹരജി സുപ്രീം കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ അറസ്റ്റ് ചെയ്തയാളുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന പൊലീസിന്റെ ഹരജി സുപ്രീം കോടതി തള്ളി. ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഫൈസാന്‍ ഖാന്‍ എന്നയാളുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്. അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.

മൊബൈല്‍ സിം വില്‍പനക്കാരനായ ഫൈസാന്‍ ഖാന്‍ അവശ്യ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ പല വിദ്യാര്‍ത്ഥികള്‍ക്കും സിം കാര്‍ഡ് വിതരണം നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. ഈ സിം കാര്‍ഡുകള്‍ ആരും തിരിച്ചറിയാതെ കലാപം ആസൂത്രണം ചെയ്യാന്‍ ഇവരെ സഹായിച്ചെന്നും പൊലീസ് ആരോപിച്ചു.

ഒക്ടോബര്‍ 23നായിരുന്നു ഹൈക്കോടതി ഫൈസാന്‍ ഖാന് ജാമ്യം അനുവദിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളൊന്നും പൊലീസിന് ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.

തീവ്രവാദ സംഘനടകള്‍ക്കായി ഫണ്ട് സമാഹരിക്കുന്നതിലോ അനുബന്ധ പ്രവര്‍ത്തനങ്ങളിലോ ഇയാള്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിറ്റ സിം കാര്‍ഡുകള്‍ പ്രതിഷേധം സംഘടിപ്പിക്കാനായാണ് ഉപയോഗിക്കപ്പെടുക എന്ന് കൃത്യമായി അറിയാമായിരുന്നെന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഫൈസാന്‍ ഖാനെതിരെ യു.എ.പി.എ ചുമത്താനാകൂവെന്നും കോടതി പറഞ്ഞു.

ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാലുമായി ചേര്‍ന്ന് ഫൈസാന്‍ ഖാന്‍ നിയമവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നായിരുന്നു പൊലീസ് കുറ്റപ്പത്രത്തില്‍ പറഞ്ഞിരുന്നത്. ഫൈസാന്‍ ഖാന്‍ വിറ്റ സിം കാര്‍ഡുകള്‍ ജാമിഅ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹിയായിരുന്ന സഫൂറ സര്‍ഗാര്‍ ഉപയോഗിച്ചുവെന്നും പൊലീസ് പറഞ്ഞിരുന്നു. ഈ നമ്പര്‍ ഉപയോഗിച്ചുകൊണ്ടാണ് സഫൂറ സര്‍ഗാര്‍ മുസ്‌ലിങ്ങളെ സംഘടിപ്പിച്ച് കലാപം നടത്തിയതെന്നും കുറ്റപ്പത്രത്തില്‍ ആരോപിച്ചിരുന്നു.

ഫെബ്രുവരിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിലും തുടര്‍ന്നു നടന്ന അന്വേഷണത്തിലും ദല്‍ഹി പൊലീസിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും കലാപസൂത്രകരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SC rejects police plea to cancel bail granted to man accused in Delhi violence case

We use cookies to give you the best possible experience. Learn more