| Wednesday, 11th January 2017, 2:22 pm

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു. നികുതിയിളവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന നികുതി ഇളവ് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് വ്യക്തമാക്കിയാണ് നികുതി ഇളവ് ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതി തള്ളിയത്.

നികുതിയിളവിന് വ്യവസ്ഥ ചെയ്യുന്ന ആദായനികുതി വകുപ്പിലെ 13 (മ) വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മനോഹര്‍ലാല്‍ ശര്‍മ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരത്തില്‍ നികുതിയിളവ് അനുവദിക്കുന്നതില്‍ അസ്വാഭാവികതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13എ വകുപ്പ് രാഷട്രീയ പാര്‍ട്ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തികളുടെ പേരിലാണ് ഇതെങ്കില്‍ ഇളവു ബാധകമാകില്ല.

പഴയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷട്രീയ പാര്‍ട്ടികളെ വരുമാന നികുതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ക്കു മാത്രമായിരുന്നു ഇതു ബാധകം.

ഇതുവരെ ഒറ്റത്തിരഞ്ഞെടുപ്പില്‍പോലും മത്സരിക്കാത്ത 400 ഓളം രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനത്തുണ്ടെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികുതിയിളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നേടി തഴച്ചുവളരുകയാണ് ഇത്തരം പാര്‍ട്ടികളെന്നും കമ്മീഷന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദി അഭിപ്രായപ്പെട്ടിരുന്നു.

ബാങ്കുകളില്‍ കണക്കില്‍പെടാത്ത പണം സൂക്ഷിച്ചാല്‍ സാധാരണക്കാര്‍ക്ക് വന്‍ പിഴ ഇടാക്കുമ്പോള്‍ രാഷട്രീയ പാര്‍ട്ടികള്‍ക്ക് ഇളവ് നല്‍കുന്നതിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more