സഞ്ജീവ് ഭട്ടിന് മൂന്ന് ലക്ഷം രൂപ പിഴ; ഹരജി തള്ളിയതിന് പിന്നാലെ സുപ്രീം കോടതി ഉത്തരവ്
national news
സഞ്ജീവ് ഭട്ടിന് മൂന്ന് ലക്ഷം രൂപ പിഴ; ഹരജി തള്ളിയതിന് പിന്നാലെ സുപ്രീം കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd October 2023, 4:38 pm

ന്യൂദൽഹി: അഭിഭാഷകനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന കേസിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് നൽകിയ മൂന്ന് ഹരജികൾ സുപ്രീം കോടതി തള്ളി. ഓരോ ഹരജിക്കും ഒരുലക്ഷം രൂപ വീതം പിഴ അടക്കാനും കോടതി ഉത്തരവിട്ടു. ഗുജറാത്ത് കലാപത്തിൽ മോദി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലും സഞ്ജീവ് ഭട്ടിന്റെ പേരിൽ കേസുണ്ട്.

ഹരജിക്കാരൻ തുടർച്ചയായി കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന് ജസ്റ്റിസ് വിക്രം നാഥ്, രാജേഷ് ബിന്താൽ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. പിഴയിനത്തിൽ ആകെ വരുന്ന മൂന്ന് ലക്ഷം രൂപ ഗുജറാത്ത്‌ ഹൈകോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് നൽകാനും കോടതി നിർദേശിച്ചു.

ന്യായമായ രീതിയിലല്ല കീഴ്കോടതി ജഡ്ജി കേസ് പരിഗണിക്കുന്നത് എന്നതിനാൽ മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണമെന്നായിരുന്നു ഒരു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.

മുമ്പ് ഗുജറാത്ത്‌ ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ഹാരജിയിൽ സഞ്ജീവ് ഭട്ടിന് 10,000 രൂപ പിഴ ചുമത്തിയിരുന്നു. നിശ്ചയിച്ച സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന ഗുജറാത്ത്‌ ഹൈകോടതി വിധിക്കെതിരെ ആയിരുന്നു അദ്ദേഹം മേൽകോടതിയെ സമീപിച്ചത്.

1990ലെ കസ്റ്റഡി മരണ കേസിൽ 30 വർഷം ജീവപര്യന്തം വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അദ്ദേഹം. 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയ നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്നാൽ സുപ്രീംകോടതി അദ്ദേഹത്തിന്റെ വാദങ്ങൾ തള്ളി.

നരേന്ദ്ര മോദി ഉൾപ്പെടെ നിരപരാധിയായ ആളുകൾക്കെതിരെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിൽ ആക്ടിവിസ്റ്റ് തീസ്ത സെതൽവാദ്, അന്നത്തെ ഗുജറാത്ത് ഡി.ജി.പി ആയിരുന്ന മലയാളി ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാർ എന്നിവരോടൊപ്പം സഞ്ജീവ് ഭട്ടിനെയും പ്രതിചേർത്തിരുന്നു.

Content Highlight: SC rejects IPS Sanjiv Bhatt’s three plea, slaps 1 lakh fine for each