ന്യൂദല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി യാക്കൂബ് മേമന്‍ നല്‍കിയ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ യാക്കൂബ് മേമന്‍ സ്വാഭാവിക നീതി നടപ്പിലാക്കിയിട്ടുണ്ടെന്നും കേസിന്റെ നടപടി ക്രമങ്ങളില്‍ പാളിച്ചപറ്റിയിട്ടില്ലെന്നും വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് മേമന്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ സമയം നല്‍കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മരണ വാറണ്ട് പുറപ്പെടുവിച്ച സമയത്ത് മേമന്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നില്ലെന്നും വാറണ്ട് വന്നതിനു ശേഷമാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. അതുകൊണ്ടുതന്നെ മേമന്‍ സമയം നല്‍കിയില്ലെന്ന വാദം ശരിയെല്ലന്നും കോടതി നിരീക്ഷിച്ചു. നേരത്തെ യാക്കൂബ് മേമന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ പിഴവ് സംഭവിച്ചിരുന്നുവെന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിരീക്ഷണത്തെ ഇന്ന് ചേര്‍ന്ന മൂന്നംഗ ബെഞ്ച് തള്ളി. കേസിലെ നടപടിക്രമങ്ങളില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നാണ് ഇന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്.
ശിക്ഷ നടപ്പിലാക്കുന്നതില്‍ നിയമതടസങ്ങളൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ കേസില്‍ മേമന്റെ വധശിക്ഷ നാളെ തന്നെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ തീരുമാനമായി. നാളെ രാവിലെ ഏഴ് മണിക്ക് ശിക്ഷ നടപ്പിലാക്കാനാണ് തീരുമാനം. അതേസമയം യാക്കൂബ് മേമന്‍ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയിലെ തീരുമാനത്തിനനുസരിച്ചായിരിക്കും മേമന്റെ വധശിക്ഷ നടപ്പിലാക്കുക. നേരത്തെ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. അതേസമയം മേമന്‍ സമര്‍പ്പിച്ച ദയാഹര്‍ജി മഹാരാഷ്ട്ര ഗവര്‍ണറും തള്ളി.