ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ സുപ്രീംകോടതി ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതി സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ ഒരു രൂപ പിഴ ശിക്ഷ വിധിച്ച സുപ്രീംകോടതി വിധി വിമര്‍ശിച്ചുള്ള ട്വീറ്റാണ് കേസിനാധാരം.
രാജ്ദീപിനെതിരെ കോടതി അലക്ഷ്യത്തിനുള്ള അനുമതി അറ്റോര്‍ണി ജനറല്‍ നിരസിച്ചിരുന്നു. രാജ്ദീപിനെതിരെ നേരിട്ടെത്തിയ ഹരജിയിലാണ് കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രശാന്ത് ഭൂഷണ്‍ കേസില്‍ വാദം കേട്ട ജസ്റ്റിസ് അരുണ്‍ മിശ്രയെ ജാതീയമായി അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തു എന്നാണ് പരാതിക്കാരനായ ആസ്താ ഖുറാന ആരോപിക്കുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെ നടത്തിയ ട്വീറ്റുകളില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്ന് ഓഗസ്റ്റ് 14 നാണ് സുപ്രീം കോടതി കണ്ടെത്തിയത്.
കോടതിയലക്ഷ്യ കേസില്‍ ഒരു രൂപ പിഴയാണ് പ്രശാന്തിന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ചത്.
കോടതിയലക്ഷ്യത്തില്‍ മാപ്പ് പറഞ്ഞാല്‍ ശിക്ഷ ഒഴിവാക്കാമെന്ന് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, മാപ്പ് പറയാന്‍ താന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു പ്രശാന്ത് ഭൂഷണ്‍ സ്വീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക