ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ രാഷ്ട്രപതി വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി നിരസിച്ചു. ഹരജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് എന്‍.വി രമണയും എസ്.എ ബോബ്ഡെയും അടങ്ങിയ ബെഞ്ച് തീരുമാനിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അയോധ്യാ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ ആയതിനാലാണ് എന്‍.വി രമണയുടെ ബെഞ്ചില്‍ ഹരജി മെന്‍ഷന്‍ ചെയ്തത്. അഭിഭാഷകന്‍ എം.എല്‍ ശര്‍മയാണ് ഹരജിയുമായി സുപ്രിം കോടതിയില്‍ എത്തിയത്.
ഭരണഘടനയുടെ 370 വകുപ്പ് എടുത്തുകളഞ്ഞ വിഷയം പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാന്‍ പോകുകയാണെന്നും അത് തടയണമെന്നും ശര്‍മ ആവശ്യപ്പെട്ടു. അതുകൊണ്ട് എത്രയും വേഗം ഹരജി കേള്‍ക്കണമെന്നും അല്ലെങ്കില്‍ ഇന്ത്യയ്ക്ക് എന്നന്നേക്കുമായി കശ്മീര്‍ നഷ്ടപ്പെടുമെന്നും ശര്‍മ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്തത് സ്റ്റേ ചെയ്യാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് അധികാരം ഉണ്ടോ എന്ന് എന്‍.വി രമണ ശര്‍മയോട് ചോദിച്ചു. നിങ്ങളുടെ ഹരജി എപ്പോള്‍ കേള്‍ക്കണം എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും ശര്‍മയോട് രമണ പറഞ്ഞു.
കശ്മീരിലെ കര്‍ഫ്യൂ നീക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്സിന്‍ പൂനാവാല നല്‍കിയ ഹരജിയും അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. നേതാക്കളെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന ആക്ഷേപം ഉള്‍ക്കൊള്ളുന്ന ഹരജി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് ജസ്റ്റിസ് രമണ ഹരജിക്കാരനെ അറിയിച്ചു.