ന്യൂ ദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും, തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്ന പാനലിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ പുതിയ നിയമം സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. നേതാക്കളായ ജയ താക്കൂറും സഞ്ജയ് നാരായണറാവു മേശ്രവുമാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നത്.
നിയമങ്ങൾ ഞങ്ങൾക്ക് സ്റ്റേ ചെയ്യാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന, ഹരജിയിൽ പരിശോധന നടത്താമെന്നും അറിയിച്ചിട്ടുണ്ട് കൂടാതെ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാമെന്നും അറിയിച്ചു.
പുതിയ നിയമം ‘സെപ്പറേഷൻ ഓഫ് പവേഴ്സ്’ എന്ന സങ്കല്പത്തിനെതിരാണെന്ന് വാദിഭാഗം അഭിഭാഷകനായ വികാസ് സിങ് വാദിച്ചു.
കൂടാതെ 2013 മാർച്ച് രണ്ടിന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് പ്രസ്താവിച്ച വിധിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിയമനത്തിനുള്ള പാനലിൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉണ്ടാകണമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നിലവിൽ ഒരു പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തിൽ ലോക്സഭയിലെ ഏറ്റവും അധികം അംഗങ്ങളുള്ള പാർട്ടിയുടെ നേതാവിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനയിലെ ആർട്ടിക്കിൾ 324(2) പ്രകാരം പാർലമെന്റ് പുതിയൊരു നിയമം ഉണ്ടാക്കുന്നത് വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും, തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നത് പ്രസിഡന്റാണ്. കേന്ദ്രമന്ത്രി സഭയിൽ നിന്നും കിട്ടിയ നിർദ്ദേശത്തിനനുസരിച്ചാണ് നിയമനം നടത്തുക.
നിലവിൽ പാർലമെന്റ്, ചീഫ് ഇലക്ഷൻ കമ്മീഷണർ ഇലക്ഷൻ കമ്മീഷണർ (അപ്പോയ്ന്റ്മെന്റ്, കണ്ടീഷൻസ് ഓഫ് സർവീസ് ആൻഡ് ടൈംസ് ഓഫ് ഓഫീസ് 2023) ബിൽ കൊണ്ടുവന്നിരിക്കുകയാണ്. കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സെലക്ഷൻ പാനലിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
എന്നാലിത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് വിലങ്ങുതടിയാകുമെന്നാണ് താക്കൂറും മേശ്രമും കോടതിയിൽ വാദിച്ചത്.
2003 ഡിസംബർ ഏഴിന് ആയിരുന്നു പ്രസിഡൻറ് ആയ ദ്രൗപദി മുർമു നിയമത്തിന് അംഗീകാരം നൽകിയത്.
Content Highlight: SC refuses to stay new law excluding CJI from panel picking CEC, ECs