ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നീറ്റ് ഓര്‍ഡിനെന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്ക് ഇത്തവണ നീറ്റ് നിര്‍ബന്ധമല്ലെന്ന ഓര്‍ഡിനെന്‍സില്‍ കഴിഞ്ഞ ദിവസമായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചത്. ഇതിനെതിരെ ആനന്ദ് റായ് എന്ന പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി വെള്ളിയാഴ്ച തള്ളിയത്.
ഓര്‍ഡിനെന്‍സ് സ്റ്റേ ചെയ്യുന്നത് വിദ്യര്‍ഥികളിലും, രക്ഷിതാക്കളിലും വീണ്ടും ആശങ്കയുണ്ടാക്കുമെന്ന് ഹര്‍ജി പരിഗണിച്ച് സുപ്രിംകോടതി വിലയിരുത്തി. നീറ്റിന്റെ ഒന്നാംഘട്ട പരീക്ഷ മെയ് ആദ്യവാരം പൂര്‍ത്തിയായിരുന്നു, ജൂലായ്24 ന് രണ്ടാംഘട്ട പരീക്ഷ നടത്താനിരിക്കെയായിരുന്നു കേസ് വീണ്ടും കോടതി കയറിയത്.
എന്നാല്‍ വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേസ് വേനലവധിക്ക് ശേഷം കേള്‍ക്കാമെന്നും സുപ്രിംകോടതി അറിയിച്ചു. മെഡിക്കല്‍,ഡെന്റല്‍ പ്രവേശന പരീക്ഷയ്ക്ക് നീറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ മാസമായിരുന്നു സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്.
ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ത്ഥികളും നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ സംയുക്ത പാര്‍ലമെന്ററി യോഗമാണ് ഓര്‍ഡിനെന്‍സ് ഇറക്കി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് നീറ്റ് ഭാഗികമായി ഈ വര്‍ഷത്തേക്ക് പിന്ഡവലിച്ച് രാഷ്ട്രപതി ഓര്‍ഡിനെന്‍സില്‍ ഒപ്പുവെക്കുകയായിരുന്നു.
ഓര്‍ഡിനെന്‍സ് പ്രകാരം മെഡിക്കല്‍,ഡെന്റല്‍ കോഴ്‌സുകള്‍ക്കായുള്ള സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം നേടുന്നതിന് ഈ വര്‍ഷം നീറ്റ് നിര്‍ബന്ധമാവില്ല. എന്നാല്‍ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് നീറ്റിലൂടെ പ്രവേശനം നേടുകയും വേണം.