സ്മാരകങ്ങളുടെ ചരിത്രവും കാലപ്പഴക്കവും പരിശോധിക്കല്‍ കോടതിയുടെ ജോലിയല്ല; ഹരജി തള്ളി സുപ്രീം കോടതി
national news
സ്മാരകങ്ങളുടെ ചരിത്രവും കാലപ്പഴക്കവും പരിശോധിക്കല്‍ കോടതിയുടെ ജോലിയല്ല; ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th December 2022, 3:30 pm

ന്യൂദല്‍ഹി: താജ്മഹലിന്റെ ‘യഥാര്‍ത്ഥ’ കാലപ്പഴക്കവും ചരിത്രവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹരജി തള്ളി സുപ്രീം കോടതി. സ്മാരകങ്ങളുടെ ചരിത്രപരമായ വസ്തുതകള്‍ നിശ്ചയിക്കേണ്ടത് കോടതികളല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹരജി തള്ളിയത്. ഹരിയാന സ്വദേശിയായ സുര്‍ജിത് യാദവായിരുന്നു ഹരജി നല്‍കിയിരുന്നത്.

‘എന്തിനും ഏതിനും കോടതിയെ വലിച്ചിടരുത്. താജ്മഹലിന്റെ കാലപ്പഴക്കം എത്രയാണെന്നോ അല്ലെങ്കില്‍ അതിന്റെ ചരിത്രപരമായ വസ്തുതകളെന്താണെന്നോ നിശ്ചയിക്കാന്‍ ഞങ്ങള്‍ക്കാകുമോ? അതും ഈ 400 വര്‍ഷത്തിന് ശേഷം,’ കോടതി ഹരജിക്കാരനോട് ചോദിച്ചു.

ഇതിന് പിന്നാലെ താജ്മഹലിനെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ വേണം സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്നതാണ് ഹരജിക്കാരന്റെ ആവശ്യമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന താജ്മഹല്‍ 17ാം നൂറ്റാണ്ടിന് മുമ്പേ നിലനിന്നിരുന്നുവോ എന്ന് അറിയണമെന്നത് കൂടിയാണ് ഹരജിയിലെ ആവശ്യമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാദങ്ങളോടും കോടതി രൂക്ഷമായാണ് പ്രതികരിച്ചത്. ‘തെറ്റായ വിവരങ്ങള്‍ നീക്കണമെന്നാണല്ലേ നിങ്ങളുടെ ആവശ്യം. ആരാണ് ശരിയായ വസ്തുത കണ്ടെത്താന്‍ പോകുന്നത് ? നിങ്ങളാണോ തെറ്റേതാണെന്നും ശരിയേതാണെന്നും നിശ്ചയിക്കാന്‍ പോകുന്നത്? അതോ അതൊക്കെയാണോ കോടതിയുടെ ജോലി?,’ ബെഞ്ച് ചോദിച്ചു.

കോടതിയുടെ ഈ മറുപടിക്ക് പിന്നാലെ ഹരജി പിന്‍വലിക്കുന്നതായി അഭിഭാഷകന്‍ അറിയിച്ചു. താജ്മഹലിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിക്കാനാണ് ഹരജിക്കാരന്റെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പിയുടെ അയോധ്യ യൂണിറ്റിന്റെ മീഡിയ ഇന്‍ ചാര്‍ജായ രജ്‌നീഷ് സിങ് ഈയടുത്ത് കോടതിയെ സമീപിച്ചിരുന്നു. താജ്മഹലിന്റെ ചരിത്രം പരിശോധിക്കാനായി ഒരു വസ്തുതാന്വേഷണ സംഘത്തെ നിയമിക്കണമെന്നും സ്മാരകത്തിന്റെ 22 മുറികള്‍ തുറക്കണമെന്നുമായിരുന്നു പൊതുതാല്‍പര്യ ഹരജിയിലെ ആവശ്യം.

ഒക്ടോബര്‍ 21ന് കോടതിയിലെത്തിയ ഈ ഹരജിയും തള്ളിയിരുന്നു. പൊതുതാല്‍പര്യ ഹരജിയെ നിസാരമായി കാണരുതെന്ന താക്കീതും അന്ന് ബി.ജെ.പി നേതാവിന് കോടതി നല്‍കിയിരുന്നു.

ലോകാത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന താജ്മഹല്‍ 1631-1653 കാലഘട്ടത്തിലാണ് നിര്‍മിക്കുന്നത്. മുഗള്‍ രാജാവായ ഷാജഹാന്റെ കാലത്ത് നിര്‍മിക്കപ്പെട്ട ഈ സ്മാരകം യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഇടം നേടിയിരുന്നു.

Content Highlight: SC refuses to entertain PIL for assessment of Taj Mahal’s ‘real’ history