ബില്‍ക്കിസ് ബാനുവിന് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുക നല്‍കിയിരിക്കണം; പുന:പരിശോധന ആവശ്യപ്പെട്ട ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബില്‍ക്കിസ് ബാനുവിന് നല്‍കേണ്ട നഷ്ടപരിഹാര തുക രണ്ടാഴ്ചയ്ക്കകം ് സര്‍ക്കാര്‍ നല്‍കിയിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
50 ലക്ഷം രൂപയും തൊഴിലും താമസ സൗകര്യവും നല്‍കണമെന്ന വിധി രണ്ടാഴ്ചയ്ക്കകം നടപ്പാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പുനപരിശോധനാ ഹരജി നല്‍കുമെന്ന ഗുജറാത്ത് സര്‍ക്കാര്‍ നിലപാടും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് തള്ളി.
എന്തുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഇത്രയും നാളായി നഷ്ടപരിഹാര തുക നല്‍കാതിരുന്നതെന്നും രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.
എന്നാല്‍ നഷ്ടപരിഹാരതുക നല്‍കണമെന്ന ഉത്തവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ആവശ്യം തള്ളിയ സുപ്രീം കോടതി രണ്ടാഴ്ച്ചയ്ക്കകം നഷ്ടപരിഹാര തുക ബില്‍ക്കിസ് ബാനുവിന് നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.
17 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബില്‍ക്കിസ് ബാനുവിന് സുപ്രീംകോടതിയില്‍നിന്ന് അനുകൂലമായ വിധി നേടിയെടുക്കാനായത്. ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും താമസസൗകര്യവും ഒരുക്കണമെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്.
”സര്‍ക്കാരിനെതിരെ ഉത്തരവില്‍ ഞങ്ങള്‍ ഒന്നും പറയുന്നില്ല എന്നത് ഒരു ഭാഗ്യമായി കരുതിയാല്‍ മതി” എന്നായിരുന്നു വിധി പ്രഖ്യാപിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യും ജസ്റ്റിസ് ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകനോട് തുറന്ന കോടതിയില്‍ പറഞ്ഞത്