ന്യൂദല്‍ഹി: രാജ്യത്തെ പത്തു ലക്ഷത്തില്‍പരം ആദിവാസി കുടുംബങ്ങളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കേരളത്തില്‍നിന്നുള്ള 894 ആദിവാസി കുടുംബങ്ങളടക്കം, ഇവരെയൊന്നടങ്കം ജൂലൈ 27നകം വനത്തില്‍നിന്ന് പുറത്താക്കണമെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി.
വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശം.
കേസിന്റെ വാദം നടന്ന ഈ മാസം പതിമൂന്നിന് നിയമത്തെ ചോദ്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ നിയോഗിച്ചില്ല. ഇതുകൂടി പരിഗണിച്ചാണ് ജസ്റ്റീസ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ജൂലൈ 27-നു മുന്പ് ഉത്തരവ് നടപ്പാക്കണമെന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇതോടെ രാജ്യവ്യാപകമായി പുറത്താക്കപ്പെടുന്ന ആദിവാസി കുടുംബങ്ങളുടെ എണ്ണം വീണ്ടുമുയരാനാണ് സാധ്യത. കേരളത്തില്‍നിന്ന് 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. ഇവരില്‍ നിന്നാണ് 894 കുടുംബങ്ങളെ പുറത്താക്കുന്നത്. വനത്തില്‍ അവകാശമുന്നയിച്ച് സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷം അത് തള്ളപ്പെട്ടവരാണ് 10 ലക്ഷം ആദിവാസി കുടുംബങ്ങള്‍.
യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് വനാവകാശ നിയമം പാസാക്കിയത്. ഈ നിയമത്തെ അന്ന് പ്രതിപക്ഷമായിരുന്ന ബിജെപി എതിര്‍ത്തിരുന്നെങ്കിലും ഇതിനെ കോടതിയില്‍ പ്രതിരോധിക്കാന്‍ നിലവിലെ മോദി സര്‍ക്കാര്‍ തയാറായില്ല.