ന്യൂദല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ.ജി ബാലകൃഷ്ണനെതിരായ അഴിമതി ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അന്തിമ തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍, കെ.ജി.ബിയെ പുറത്താക്കാന്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് നല്‍കണമെന്ന ആവശ്യം കോടതി തള്ളി.
കോമണ്‍കോസ് എന്ന എന്‍.ജി.ഒയാണ് കെ.ജി.ബിയ്‌ക്കെതിരെ ഹരജി നല്‍കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ 40 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ബാലകൃഷ്ണനെ നീക്കാനുള്ള തീരുമാനത്തിനായി പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് ആവശ്യപ്പെടാന്‍ സര്‍ക്കാറിനോടാവശ്യപ്പെടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ബി.സി ചൗഹാന്‍, ജെ.എസ് ഖേഹര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ആരോപണങ്ങള്‍ ഉന്നത ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ മന്ത്രിതല ശിപാര്‍ശകള്‍ കണക്കിലെടുത്ത് രാഷ്ട്രപതിക്ക് സുപ്രീം കോടതിയെ സമീപിക്കാം.
2000 ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ 2007 ല്‍ ചീഫ് ജസ്റ്റിസായി. 2010 മെയ് 12 ന് വിരമിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്.
Malayalam news