നിങ്ങളെത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല; ലൈംഗികാതിക്രമണ പരാതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം മുഖപത്രം
ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാക്രമണ പരാതി കൈകാര്യം ചെയ്ത രീതി പ്രതിസന്ധി വര്‍ധിപ്പിച്ചെന്ന് സി.പി.ഐ.എം. പൂര്‍ണ്ണ സുതാര്യത ഉറപ്പ് വരുത്തുന്നതിന് പകരം ചീഫ് ജസ്റ്റിസ് സഹോദര ജഡ്ജിമാര്‍ക്കൊപ്പം സ്വയം പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിഷയം പരിഗണിച്ചതിലൂടെ സ്വാഭാവിക നീതി നിഷേധിച്ചെന്നും സി.പി.ഐ.എം വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ ‘പീപ്പിള്‍സ് ഡെമോക്രസി’യിലെ പുതിയ ലക്കം മുഖപ്രസംഗത്തിലാണ് വിമര്‍ശനം.
ഈ ബെഞ്ച് ചീഫ് ജസ്റ്റിസ് നിരപരാധിയാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല പരാതിക്കാരിയായ മുന്‍ ജീവനക്കാരിയെ ഗൂഢാലോചകയായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും സി.പി.ഐ.എം പറയുന്നു.
പരാതി പരിഗണിക്കാന്‍ സുപ്രീംകോടതിയില്‍ രൂപീകരിച്ച ആഭ്യന്തര സമിതി, തൊഴില്‍ സ്ഥലത്തെ പീഡനങ്ങള്‍ നിരോധിച്ചുള്ള നിയമം നിലവില്‍ വരുന്നതിന് 10 വര്‍ഷമെങ്കിലും മുന്‍പത്തെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.
പരാതിക്കാരിയ്ക്ക് എല്ലാ വിധ സഹായം നല്‍കുകയും സുതാര്യമായ അന്വേഷണം നടത്തുകയും ചെയ്യേണ്ടിയിരുന്നു. എന്നാല്‍ പുറത്ത് നിന്നുള്ള ഒരാളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയോ പരാതിക്കാരിക്ക് സഹായിയായി ഒരാളെപ്പോലും അനുവദിക്കുകയോ ചെയ്തില്ല.
യുവതി അന്വേഷണത്തില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം സമിതി ഏകപക്ഷീയമായാണ് നടപടികള്‍ തുടര്‍ന്നത്. ഈ രീതി അംഗീകരിക്കാവുന്നതല്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. നാലാം ദിവസം ചീഫ് ജസ്റ്റിസ് കുറ്റവിമുക്തനെന്ന് പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പോലും പരാതിക്കാരിക്ക് നല്‍കിയില്ലെന്ന് മുഖപ്രസംഗം പറയുന്നു.
ഈ നടപടികള്‍ കോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും സല്‍പ്പേരിന് കൂടുതല്‍ കളങ്കം വരുത്തി. രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരെയും നിയമവിദഗ്ധരെയും വനിതാ ആക്ടിവിസ്റ്റുകളെയും പൗരന്മാരെയും നടപടികള്‍ ഞെട്ടിച്ചിരിക്കുകയാണ്. നിങ്ങളെത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ലെന്ന മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ് വര്‍മ പറഞ്ഞത് ഗൊഗോയ് ഓര്‍ക്കണമെന്നും മുഖപ്രസംഗം പറയുന്നു.
ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ അംഗങ്ങളായ മൂന്നംഗ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചത്. പരാതിയില്‍ കഴമ്പില്ലെന്ന കണ്ടെത്തലാണ് ഇവര്‍ നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ജസ്റ്റിസ് എന്‍.വി രമണയ്ക്കു കൈമാറിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസിനും റിപ്പോര്‍ട്ട് കൈമാറിയെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമായുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്താത്തത് 2003-ല്‍ ഇന്ദിര ജെയ്‌സിങ്ങും സുപ്രീം കോടതിയും തമ്മിലുള്ള കേസിലെ വിധിയനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
സമിതിക്കു മുന്നില്‍ രണ്ടുതവണ ഹാജരായ യുവതി പിന്നീട് പരാതിയില്‍നിന്നു പിന്മാറുകയായിരുന്നു. അഭിഭാഷകരില്ലാതെ സമിതിക്കു മുന്നില്‍ ഹാജരാകുന്നതു ഭീതിയും മാനസിക സമ്മര്‍ദവുമുണ്ടാക്കുന്നതായി ആരോപിച്ചായിരുന്നു ഇത്.