ദല്‍ഹിയിലെ ഡീസല്‍ വാഹന നിയന്ത്രണം നീക്കിയേക്കും
Daily News
ദല്‍ഹിയിലെ ഡീസല്‍ വാഹന നിയന്ത്രണം നീക്കിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th June 2016, 6:06 pm

delhi vehicle

ന്യൂദല്‍ഹി: ദല്‍ഹിയില്‍ 2000 സി.സിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി നീക്കിയേക്കും. നിരോധനത്തിനുപകരം വണ്‍ ടൈം എന്‍വയണ്‍മെന്റല്‍ കോംപന്‍സിയേഷന്‍ സെസ് ഏര്‍പ്പെടുത്തുന്നത് ആലോചനയിലാണെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. വാഹനം വാങ്ങുന്നവരില്‍നിന്ന് ഒരു ശതമാനം സെസ് ഈടാക്കാം എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

സുപ്രീം കോടതി ജഡ്ജിമാരായ ടി.എസ് താക്കൂര്‍, ജസ്റ്റിസ് എ.കെ. സിക്രി, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്. കൂടാതെ ദല്‍ഹിയിലെ വാഹനങ്ങള്‍ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം പരിശോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജൂലൈ നാലിനു നടക്കുന്ന വാദത്തില്‍ നല്‍കാനും വാഹന നിര്‍മാതാക്കളുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ 2000 സി.സിക്കും അതിനു മുകളിലും എന്‍ജിന് ശേഷിയുള്ള ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന് ഏര്‍പ്പെടുത്തിയ നിരോധനം ഏകപക്ഷീയമാണെന്ന് കമ്പനികള്‍ വാദിച്ചിരുന്നു. 2000 സി.സിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ റജിട്രേഷന്‍ കേരളത്തിലെ അഞ്ചുനഗരങ്ങളിലും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. നിരോധനം ഹൈക്കോടതി രണ്ടുമാസം സ്റ്റേ ചെയ്തിരിക്കുകയാണ്.