ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ പരാതിയുമായി സുപ്രീം കോടതി അഭിഭാഷകന്‍ അലാഖ് അലോക് ശ്രീവാസ്തവ. കശ്മീരിലെ നിലവിലെ സ്ഥിതിയുമായി ബന്ധപ്പെട്ട ഷെഹ്‌ലയുടെ ആരോപണങ്ങള്‍ക്കെതിരെയാണ് അഭിഭാഷകന്റെ പരാതി.
ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാറിനും എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് ശ്രീവാസ്തവയുടെ പരാതി. ഷെഹ്‌ലയെ അറസ്റ്റു ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കശ്മീരില്‍ എല്ലാം സൈന്യത്തിനു കീഴിലാണെന്നായിരുന്നു ട്വിറ്ററിലൂടെ ഷെഹ്‌ല ഉയര്‍ത്തിയ ആരോപണം. ‘ക്രമസമാധാന പാലനത്തില്‍ ജമ്മുകശ്മീര്‍ പൊലീസിന് യാതൊരു അധികാരവുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അവരെ അധികാരമില്ലാത്തവരായി മാറ്റിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയുടെ കീഴിലാണ്. സി.ആര്‍.പി.എഫുകാരന്റെ പരാതിയില്‍ ഒരു എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയിരിക്കുന്നു. സര്‍വ്വീസ് റിവോള്‍വര്‍ പോലും അവരുടെ പക്കലില്ല.’ എന്നായിരുന്നു ഷെഹ്‌ലയുടെ ഒരു ട്വീറ്റ്.