|

സുപ്രീം കോടതി ജഡ്ജിമാരുടെ മണിപ്പൂർ സന്ദർശനം; സമാധാനത്തിനായി ഒന്നിച്ച് പ്രവർത്തിക്കാൻ മണിപ്പൂർ ജനതയോട് ആഹ്വാനം ചെയ്ത് ജസ്റ്റിസ് ഗവായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ തടവുകാരെ സന്ദർശിച്ച് സുപ്രീം കോടതി ജഡ്ജിമാരുടെ അഞ്ചംഗ സംഘം. ഏകദേശം രണ്ട് വർഷമായി അശാന്തി നിറഞ്ഞ സംസ്ഥാനത്ത് ഉടൻ സമാധാനം തിരിച്ചുവരുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

കുക്കി-സോ ജനത കൂടുതലുള്ള കുന്നിൻ പ്രദേശമായ ചുരാചന്ദ്പൂർ, മെയ്തി ഭൂരിപക്ഷ ഇംഫാൽ താഴ്‌വരയിലെ ബിഷ്ണുപൂർ എന്നീ രണ്ട് ജില്ലകളിലെ നിയമ സേവനങ്ങളിലും ആരോഗ്യ ക്യാമ്പുകളിലും ജഡ്ജിമാർ പങ്കെടുത്തു. കൂടാതെ, കുടിയിറക്കപ്പെട്ട ആളുകൾക്ക് ദുരിതാശ്വാസ സഹായ വിതരണം നടത്തുകയും ചെയ്തു.

കുടിയിറക്കപ്പെട്ടവർക്ക് നിയമപരമായ പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. ആർ ഗവായ് സംസാരിച്ചു. ഒപ്പം അക്രമബാധിതമായ മണിപ്പൂരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ സഹായിക്കണമെന്ന് പൗരന്മാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാവർക്കും നീതി ലഭ്യമാവുക , ആരോഗ്യ സംരക്ഷണം നൽകുക തുടങ്ങിയ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നത്. ഏറ്റവും ദുർബലരായ ആന്തരികമായി കുടിയിറക്കപ്പെട്ട വ്യക്തികൾ, അവരുടെ ജീവിതം പുനർനിർമിക്കുന്നതിൽ കാര്യമായ വെല്ലുവിളികൾ നേരിടുന്നു. അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിൽ നിന്നും അവർ പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ധാർമികവും ഭരണഘടനാപരവുമായ കടമയാണ്. മണിപ്പൂർ സംസ്ഥാനം ദുഷ്‌കരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ നിങ്ങൾ ഓരോരുത്തരുടെയും സഹായത്തോടെയും, നിയമനിർമാണ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയുടെ സഹായത്തോടെയും ഈ ബുദ്ധിമുട്ടുകൾ ഉടൻ നാം മറികടക്കും.

മണിപ്പൂർ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (എം‌.എ‌.എസ്‌.എൽ‌.എസ്‌.എ) സ്ഥാപിച്ച പ്രത്യേക നിയമ സഹായ ക്ലിനിക്കുകൾ സൗജന്യ നിയമസഹായം നൽകും, ഇത് നീതി തേടാനും അവകാശങ്ങൾ സംരക്ഷിക്കാനും ആളുകളെ പ്രാപ്തരാക്കും,’ ജസ്റ്റിസ് ഗവായ് പറഞ്ഞു.

കൂടാതെ ജഡ്ജിമാരുടെ സന്ദർശനവേളയിൽ സംസ്ഥാനത്തെ വിവിധ മേഖലകളിലായി നാല് നിയമ സഹായ ക്ലിനിക്കുകൾ ഉദ്ഘാടനം ചെയ്യുകയും 290 വ്യത്യസ്ത ദുരിതാശ്വാസ ക്യാമ്പുകളെ ഉൾക്കൊള്ളുന്ന ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുകയും ചെയ്തു. ഒപ്പം വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങളും ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലകളിലെ അഭയാർത്ഥികൾക്ക് ജംബോ ബോക്സുകൾ, കൊതുകുവലകൾ, അടിയന്തര വിളക്കുകൾ, ശിശുക്കൾക്കും കുട്ടികൾക്കുമുള്ള പാൽപ്പൊടികൾ, ബക്കറ്റുകൾ, മഗ്ഗുകൾ, ഡയപ്പറുകൾ എന്നിവ അടങ്ങിയ ദുരിതാശ്വാസ കിറ്റും വിതരണം ചെയ്തു.

Content Highlight: SC Judges’ Manipur Visit | Justice Gavai Appeals For Peace, Urges Citizens To Help Rebuilding State

Latest Stories