ന്യൂദല്‍ഹി: രാജ്യത്തെ കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും രാജ്യത്തെ പത്തോളം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
പൗരന്മാരുടെ മൗലികാവകാശങ്ങളേയും സ്വകാര്യതയേയും ബാധിക്കുന്ന കേന്ദ്ര നടപടിക്കെതിരെ അഡ്വക്കറ്റ് മനോഹര്‍ ലാല്‍ ശര്‍മ കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ മന്ത്രാലയത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടത്.
ഡിസംബര്‍ 20ന്റെ വിജ്ഞാപനം റദ്ദാക്കണമെന്ന് അദ്ദേഹം തന്റെ ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ നിയമം അനുശാസിക്കുന്ന പ്രകാരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന കമ്പ്യൂട്ടര്‍ രേഖകള്‍ കൈമാറുന്നതില്‍ പരാജയപ്പെട്ടാല്‍ ഒരു പൗരന് പിഴയും ഏഴു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാം.
ഇന്റലിജന്‍സ് ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ മേഖല, അസം), ദല്‍ഹി പൊലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്കാണ് ഈ അധികാരം നല്‍കിയത്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയായിരുന്നു ഈ ഉത്തരവു പുറത്തിറക്കിയത്.
ആദ്യമായാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് പൗരന്മാരുടെ അവകാശങ്ങള്‍ക്ക് മേല്‍ പ്രത്യക്ഷമായി ഇത്രയും വിപുലമായ അവകാശങ്ങള്‍ നല്‍കുന്നത്. മുന്‍പ് മറ്റുള്ളവര്‍ക്ക് അയയ്ക്കുന്ന ഡാറ്റ പരിശോധിക്കാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ഇതോടെ, ഫോണ്‍ കോളുകളും ഇമെയിലുകളും മാത്രമല്ല, കംപ്യൂട്ടറില്‍ കാണുന്ന എല്ലാ ഡേറ്റയും ഈ ഏജന്‍സികള്‍ക്കു പരിശോധിക്കാം. വേണമെങ്കില്‍ ഈ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യാം.
ഐടി ആക്ട് 2000ന്റെ കീഴില്‍ 69 (1) വകുപ്പ് പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം ഏജന്‍സികള്‍ക്കു വിപുലമായ അധികാരം നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനായി 2011ലും ഉത്തരവില്‍ ഭേദഗതി വരുത്തിയിരുന്നു.