അയോധ്യ-ബാബറി കേസില്‍ മുസ്‌ലീങ്ങളെ പ്രതിനിധീകരിച്ചതിന് ഭീഷണി; അഭിഭാഷകന്റെ പരാതിയില്‍ സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
Ayodhya Case
അയോധ്യ-ബാബറി കേസില്‍ മുസ്‌ലീങ്ങളെ പ്രതിനിധീകരിച്ചതിന് ഭീഷണി; അഭിഭാഷകന്റെ പരാതിയില്‍ സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 11:18 am

 

ന്യൂദല്‍ഹി: അയോധ്യ- ബാബറി കേസില്‍ മുസ്‌ലീങ്ങളെ പ്രതിനിധീകരിച്ചതിന് അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രഫസര്‍ ഷണ്‍മുഖത്തിന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ നല്‍കിയ പരാതിയിലാണ് നടപടി.

കേസില്‍ മുസ്‌ലീങ്ങളെ പ്രതിനിധീകരിച്ചതിന് തന്നെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് വെള്ളിയാഴ്ചയാണ് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വക്കറ്റ് ധവാന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രഫസര്‍ എസ്. ഷണ്‍മുഖം തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചെന്നാണ് ധവാന്റെ പരാതി.

‘അയോധ്യയില്‍ മുസ്‌ലീങ്ങള്‍ക്കുണ്ടെന്നു പറയപ്പെടുന്ന അവകാശത്തിനുവേണ്ടി’ മുസ്‌ലീങ്ങളെ പ്രതിനിധീകരിക്കുക വഴി ധവാന് ‘സ്വന്തം വിശ്വാസത്തെ വഞ്ചിക്കാന്‍’ എങ്ങനെ കഴിഞ്ഞുവെന്നാണ് കത്തില്‍ ചോദിക്കുന്നത്. ധവാനെതിരെ ശാപവാക്കുകള്‍ ചൊരിയുന്ന കത്തില്‍ മതത്തെ നിന്ദിച്ചതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സഞ്ജയ് കലായി ബജ്‌രംഗി എന്നയാള്‍ തനിക്ക് വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയച്ചെന്നും അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.

ഉത്തരവാദിത്തം നിര്‍വഹിച്ച അഭിഭാഷകനെ ഭീഷണിപ്പെടുത്തുക വഴി നീതിന്യായ സംവിധാനത്തെ തന്നെയാണ് ഇവര്‍ അവഹേളിച്ചതെന്നും അതിനാല്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. കേസില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ അറ്റോര്‍ണി ജനറലിനെ സമീപിക്കാത്തതിന് ധവാന്‍ വിശദീകരണവും അറിയിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാറിനുവേണ്ടി എ.ജി ഹാജരായതിനാലാണ് അദ്ദേഹത്തിനെ സമീപിക്കാതിരുന്നതെന്നാണ് ധവാന്‍ പറഞ്ഞത്. ഈ കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ യു.പി സര്‍ക്കാറിനുവേണ്ടി ഹാജരാകവേ പക്ഷം ചേര്‍ന്നെന്നും അതിനാലാണ് അദ്ദേഹക്കെ സമീപിക്കാതിരുന്നതെന്നും ധവാന്‍ കോടതിയില്‍ വ്യക്തമാക്കി.