ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം ഉണ്ടാവുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനും പത്തു സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്. കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിക്കുള്ള കേന്ദ്രത്തിന്റെയും മറ്റു സംസ്ഥാനങ്ങളുടേയും മറുപടി ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ്.
കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭീഷണി, അക്രമം, സാമൂഹിക അപരവത്കരണം എന്നിവ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നോടല്‍ ഓഫീസര്‍മാരോട് നിര്‍ദേശിച്ചു. കശ്മീരി വിദ്യാര്‍ത്ഥികളെ അക്രമിച്ച കേസില്‍ പിടിയിലായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.
ഡെറാഡൂണില്‍ മാത്രം നിരവധി കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാല്‍പതു ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ നിരവധി കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണമുണ്ടാവുകയും നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ ജമ്മു കശ്മീരിലേക്ക് പാലായനം ചെയ്യുകയും ചെയ്തിരുന്നു.
കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാപക ആക്രമണങ്ങളുണ്ടായിട്ടും വിഷയത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തിയിരുന്നു.
“പ്രിയപ്പെട്ട പ്രധാനമന്ത്രീ, കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പറയാമോ. അതല്ല നിങ്ങളുടെ ശ്രദ്ധ ഇങ്ങ് കശ്മീര്‍ വരെ എത്തില്ലെന്നുണ്ടോ”- എന്നായിരുന്നു ഒമര്‍ അബ്ദുള്ള ട്വീറ്റ്.
അതേസമയം കാശ്മീരി വിദ്യാര്‍ത്ഥികള്‍ അക്രമിക്കപ്പെടുന്ന എന്ന വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. “പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം രോഷാകുലമായിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെയൊന്ന് (കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ അക്രമിക്കപ്പെടുന്ന സംഭവം) ഉണ്ടായിട്ടില്ലെന്ന് എനിക്ക് വ്യക്തമാക്കാന്‍ കഴിയും”- എന്നായിരുന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും തങ്ങള്‍ ബന്ധപ്പെടുന്നുണ്ടെന്നും ഇത്തരം ഒരു സംഭവം എവിടെയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.