ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട സി.ബി.ഐ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി തള്ളി. കേസ് ഇന്ന് പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. കേസ് നാളെ രാവിലെ 10,30ന് പരിഗണിക്കാമെന്നും കോടതിയെ അറിയിച്ചു.
ശാരദ ചിട്ടി ഫണ്ട് കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് സി.ബി.ഐ ഹരജിയില്‍ ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് നിര്‍ദേശം നല്‍കി ഉത്തരവ് ഇറക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
അസാധാരണ സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവന്നു എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുന്ന നീക്കം വരെയുണ്ടായെന്നും അതിനാല്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും തുഷാര്‍ മെഹ്ത ആവശ്യപ്പെട്ടു.
കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എവിടെയാണെന്ന് കോടതി ആരാഞ്ഞു. അവരെ വിട്ടയച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തുഷാര്‍ മെഹ്ത മറുപടി പറഞ്ഞു.
മനു അഭിഷേക് സിങ് വിയാണ് പശ്ചിമബംഗാള്‍ സര്‍ക്കാറിനുവേണ്ടി കോടതിയില്‍ ഹാജരാവുക.
ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തെ ഞായറാഴ്ച രാത്രി ബംഗാള്‍ പോലീസ് തടഞ്ഞതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2013 ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും രണ്ടു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നാണ് സി.ബി.ഐ ആരോപണം.