ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി എന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രമുഖ അഭിഭാഷകന്‍ സഞ്ജയ് ഹെഡ്‌ഗെ. തുറന്നു സംസാരിക്കുന്നതില്‍ നിന്ന് അഭിഭാഷകരെ പിറകോട്ടുവലിക്കുന്നതാണ് കോടതിയുടെ വിധിയെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം നടപടി ശക്തമായ ഒരു കോടതിയിലേക്ക് നയിക്കില്ലെന്നും പറഞ്ഞു. ഹഫ്‌പോസ്റ്റ് ഇന്ത്യയോടായിരുന്നു ഹെഡ്ഗെയുടെ പ്രതികരണം.
” സുപ്രീംകോടതി, കോടതിയലക്ഷ്യം ചുമത്തി കുറ്റവാളിയാക്കിയതോടെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും അരുന്ധതി റോയിയുടേയും ശ്രേണിയിലേക്ക് പ്രശാന്ത് ഭൂഷണ്‍ കണ്ണിച്ചേര്‍ക്കപ്പെടുകയാണ്. കോടതിയലക്ഷ്യത്തിന്റെ പാഠപുസ്തകത്തില്‍ വിധി ചേര്‍ക്കപ്പെടുമായിരിക്കും,
പക്ഷേ കോടതിയുടെ അധികാരം പൊതുജനങ്ങളുടെ മുന്നില്‍ പുനഃസ്ഥാപിക്കാന്‍ എന്തെങ്കിലും ചെയ്യുമോ എന്നത് മിക്ക വായനക്കാരെയും ആശ്ചര്യപ്പെടുത്തും, ”ഹെഗ്ഡെ പറഞ്ഞു.
ആഗസ്റ്റ് 14 നാണ് പ്രശാന്ത് ഭൂഷണെതിരെ കോടതി വിധി വന്നത്. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്നും കുറ്റക്കാരനാണെന്നും സുപ്രീംകോടതി വിധിച്ചു. ആഗസ്റ്റ് 20 നാണ് ശിക്ഷ വിധിക്കുക.
പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വീകരിച്ച നടപടിക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമെന്നാണ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറഞ്ഞത്.
പ്രശാന്ത് ഭൂഷണെതിരെ എടുത്തിരിക്കുന്ന നടപടിയിലൂടെ സുപ്രീംകോടതി സ്വയം താഴുകയും ജനാധിപത്യഭരണത്തെ താഴ്ത്തുകയും ചെയ്തിരിക്കുകയാണെന്നും ഗുഹ പറഞ്ഞിരുന്നു.
സുപ്രീംകോടതി വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്നായിരുന്നു സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.