ന്യൂദല്‍ഹി: മുത്തലാഖ് വിഷയത്തില്‍ സുപ്രിം കോടതി ഇടപെടലുകള്‍ക്കെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്ത്. സുപ്രിം കോടതിക്ക് നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരമില്ല. സുപ്രീം കോടതി വിധി പുന: പരിശോധിക്കണമെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിലെ അംഗമായ മൗലാനാ അത്വ ഉര്‍ റഹ്മാന്‍ റഷീദി പറഞ്ഞു.
ഭരണകൂടവും കോടതിയും ശരിഅത്ത് നിയമങ്ങളില്‍ ഇടപെടുന്നത് തെറ്റാണ്. അടിസ്ഥാന അവകാശങ്ങള്‍ കോടതി ലംഘിക്കുകയാണ് ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല റഷീദി പറയുന്നു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കാനും മുത്തലാഖിലുടെ വിവാഹമോചനം ചെയ്താല്‍ പുരുഷന് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് കേന്ദ്രം രൂപം നല്‍കിയത്. വാക്കാലോ രേഖാമൂലമോ ഇമെയില്‍, എസ്.എം.എസ്, വാട്ട്സാപ് തുടങ്ങിയ സന്ദേശ സംവിധാനങ്ങളിലൂടെയോ ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമാണെന്നാണ് ബില്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് താല്‍ക്കാലികമായി റദ്ദാക്കിയത്. ആറു മാസത്തിനകം മുത്തലാഖ് നിരോധിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.